കൊച്ചി: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ദുരിതജീവതത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അടിമത്വത്തിനെതിരെ ജനാധിപത്യ കേരളം എന്ന മുദ്രാവാക്യം ഉയർത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെട്ടിമുടിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ നേരിടുന്ന ഭുമിയില്ലായ്മയും ഭവനരാഹിത്യവും സർക്കാർ ഗൗരവപൂർവം പരിഗണിക്കണം. ഇതിനായി തോട്ടംതൊഴിലാളി പുനരധിവാസ മിഷൻ രൂപീകരിക്കണം. ജീവൻ തിരിച്ചുകിട്ടിയ 8 കുടുംബങ്ങളുടെ പുനരധിവാസത്തിന് കുറ്റിയാർ വാലിയിൽ ഓരോകുടുംബത്തിനും 50 സെന്റ് ഭൂമിവീതം ലഭ്യമാക്കുക, ഭൂരഹിത തോട്ടംതൊഴിലാളികൾക്ക് ഭൂമിയുംവീടും നൽകുക. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ചസ്ഥലം ദുരന്തസ്മാരകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.കെ. സുരേഷ്, കെ. അംബുജാക്ഷൻ തുടങ്ങിയവരുടെ നേതത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
അപകടവിവരം യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ വിഴ്ചവരുത്തിയ പ്ലാന്റേഷൻ അധികൃതർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്. ഡി.ജി.പിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവി, ദേവികുളം സി.ഐ എന്നിവർക്കും കമ്മിറ്റി പരാതിനൽകിയിട്ടുണ്ട്. തുടർ പരിപാടികൾ ചർച്ചചെയ്യുന്നതിന് ഒക്ടോബർ 11ന് അടിമാലിയിൽ തോട്ടംതൊഴിലാളി പ്രതിനിധികളുടെയും ജില്ലാപ്രവർത്തകരുടെയും യോഗംചേരും.
സണ്ണി എം. കപിക്കാട് (ജനറൽ കൺവീനർ) കെ.കെ. സുരേഷ്, ജി. ഗോമതി, കെ.അംബുജാക്ഷൻ, ഐ.ആർ. സദാനന്ദൻ, മംഗ്ലിൻ ഫിലോമിന, ശശികുമാർ കിഴക്കേടം, കെ.സന്തോഷ് കുമാർ എന്നിവർ അടങ്ങിയ കാമ്പയിൻ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകും. അഡ്വ. കെ ബി. ഭദ്രകുമാരിയുടെ നേതൃത്വത്തിൽ ലീഗൽസെല്ലും പ്രവർത്തിക്കുന്നുണ്ട്.
സണ്ണി എം. കപിക്കാട്, കെ.കെ.സുരേഷ്, കെ. അംബുജാക്ഷൻ, ഐ.ആർ, സദാനൻ (കേരള ചേരമർസംഘം) പി.ജെ. തോമസ്, പി.കെ. കുമാരൻ, എം.ഡി. തോമസ്, വി.ഡി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.