anwar-sadath-mla

# പദ്ധതി വൈകിപ്പിച്ച ഉദ്യോഗസ്ഥർക്ക് എം.എൽ.എയുടെ ശകാരം

ആലുവ: അടിക്കടി പൊട്ടി കുടിവെള്ളം മുട്ടിക്കുന്ന ശോച്യാവസ്ഥയിലുള്ള ഭൂഗർഭ പൈപ്പുകളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. 5.75 കോടി രൂപയാണ് നവീകരണ ജോലിക്ക് നീക്കവച്ചിട്ടുള്ളത്. അഞ്ച് വർഷം മുമ്പ് പൈപ്പ് മാറ്റാൻ തുക അനുവദിച്ചിരുന്നു. എന്നാൽ മാറ്റി സ്ഥാപിക്കാനുള്ള പൈപ്പുകൾ എത്തിയിട്ടും അറ്റകുറ്റപ്പണികളെല്ലാം വൈകി. ഇതിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എ അൻവർ സാദത്ത് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർക്കുകയായിരുന്നു.

പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കുന്നതിനും ടാറിംഗിനുമായി 2.67 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിട്ടിക്ക് എസ്റ്റിമേറ്റ് നൽകിയത്. എന്നാൽ 1.17 കോടി രൂപയാണ് വാട്ടർ അതോറിട്ടി വകയിരുത്തിയത്. ഇതേതുടർന്ന് നിർമ്മാണം ആരംഭിക്കാൻ വൈകി. ഒരു കോടിയോളം രൂപ ചെലവിൽ വാങ്ങിയ പൈപ്പുകൾ ലക്ഷ്മി നേഴ്സിംഗ് ഹോമിന് പിന്നിലെ പറമ്പിൽ കാടുപിടിച്ച് കിടക്കുകയായിരുന്നു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് എം.എൽ.എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പദ്ധതി വൈകിപ്പിച്ച ഉദ്യോഗസ്ഥരെ എം.എൽ.എ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. റോഡ് കുഴിക്കുന്നതിന് അനുവദിച്ചിട്ടുള്ള തുകക്കാണ് ബൈപ്പാസ് മുതൽ പമ്പ് കവല വരെ പൈപ്പ് മാറ്റുക. ബാക്കി ആവശ്യമായ തുകയ്ക്ക് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് സഹായം തേടാനും തീരുമാനിച്ചു.

ആദ്യഘട്ടത്തിന്റെ എസ്റ്റിമേറ്റെടുത്ത് പി.ഡബ്ളിയു.ഡിക്ക് 29ന് സമർപ്പിക്കും. യോഗത്തിൽ പി.ഡബ്ലു.ഡി അസി. എക്‌സി. എഞ്ചിനീയർ മുഹമ്മദ് ബഷീർ, അസി. എഞ്ചിനീയർ ബീബു, വാട്ടർ അതോറിറ്റി എക്‌സി. എഞ്ചിനീയറുടെ ടെക്‌നിക്കൽ അസിസ്റ്റന്റ് രഞ്ചന, അസി എഞ്ചിനീയർ സൗമ്യ സുകുമാരൻ, ഓവർസിയർ മുഹമ്മദ് താഹ എന്നിവർ പങ്കെടുത്തു.