പറവൂർ: കളക്ട്രേറ്റിലെ പ്രളയഫണ്ട് തട്ടിപ്പിനും പറവൂർ താലൂക്ക് സഹകരണ ബാങ്കിലെ അഴിമതിക്കുമെതിരെ പറവൂർ, വടക്കേക്കര ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് രാവിലെ പത്ത് മുതൽ 11.30 വരെ 750 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടത്തും. പറവൂർ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സമരം. കളക്ടറേറ്റിൽ നടന്ന തട്ടിപ്പിലൂടെ പ്രളയ ബാധിതർക്ക് ലഭിക്കേണ്ട് കോടികൾ നഷ്ടടപ്പെട്ടിട്ടും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നില്ല. യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം സ്വീകരിക്കുന്നത്. പറവൂർ താലൂക്ക് സഹകരണ ബാങ്കിലെ അഴിമതികൾക്കെതിരെ തെളിവുകൾ ഹാജരാക്കിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ല. ഈ സഹാചര്യത്തിലാണ് ശക്തമായ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചതെന്ന് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ആർ. സൈജൻ, എം.ജെ. രാജു എന്നിവർ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.