koorka-krishi-

പറവൂർ: ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങൾ പുതിയൊരു പരീക്ഷണത്തിലാണ്. പരിചിതമല്ലാത്ത പലിയനം കൃഷികളാണ് നാടിന്റെ പലഭാഗത്തും വിളയിക്കാൻ ശ്രമിക്കുന്നത്. ഓണം മുന്നിൽ കണ്ട് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ചെണ്ടുമല്ലി പൂകൃഷിയുടെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് നാട്ടുകാർ. കടയിൽ നിന്നും വാങ്ങി മാത്രം പരിചയമുള്ളവ കൂർക്ക സ്വന്തം മുറ്റത്ത് പരീക്ഷണടിസ്ഥാനത്തിൽ വിളയിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. ഇതിനായ 250 കിലോഗ്രാം മുളവന്ന കൂർക്ക വിത്തുകളാണ് വിതരണം ചെയ്തത്. പതിനെട്ടാം വാർഡിലെ ഇരുപത് കർഷക ഗ്രൂപ്പുകളിലെ നൂറിലധികം പേരാണ് കൂർക്ക കൃഷി ആരംഭിച്ചിരിക്കുന്നത്.

ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറുമാസമാണ് കൂർക്ക കൃഷിക്ക് അനുകൂലമായിട്ടുള്ളത്. നിശ്ചിത സമയത്ത് കൃഷി തുടങ്ങിയതിനാൽ ഡിസംബർ ആദ്യ വാരത്തോടെ വിളവെടുക്കാനാവുമെന്ന് കൃഷി ഓഫീസർ പി.സി. ആതിര പറഞ്ഞു.

നിലവിലെ കാലവസ്ഥയ്ക്ക് അനുയോജ്യമായ ക്യാബേജ്, ക്വാളിഫ്ളവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നീ വിളകളുടെ തൈകളും അടുത്ത ദിവസങ്ങളിൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യും.. വിളവെടുക്കുന്ന ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും വിറ്റഴിക്കുന്നിതനായി എല്ലാ വാർഡുകളിലും നാട്ടുപച്ച എന്ന പേരിൽ അടുത്ത മാസം പച്ചക്കറി സംഭരണ വിതരണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറഞ്ഞു. പഞ്ചായത്തിൽ അവശേഷിക്കുന്ന തരിശു ഭൂമികൾ കണ്ടെത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ പഴവർഗ്ഗ കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു.