palarivattom

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകിയതോടെ കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്തെ മേൽപ്പാലത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ വീണ്ടും ചർച്ചയാവുകയാണ്.

കേരള റോഡ് ഫണ്ട് ബോർഡിന് ഇന്ധന സെസ് ആയി ലഭിക്കുന്ന തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം

ആർ.ബി.ഡി.സി.കെ.എം.ഡി എം.പി.മുഹമ്മദ് ഹനീഷാണ് വിവാദ ആർ .ഡി .എസ്.കമ്പനിക്ക് കരാർ നൽകിയത്. ഡയറക്ടർ ബോർഡ് അറിയാതെയായിരുന്നു ടെൻഡറും കരാറും. പിന്നീടാണ് ബോർഡിന്റെെ അംഗീകാരം നേടിയത്.

മുൻകൂർ തുക നൽകി പക്ഷേ

മൊബി​ലൈസേഷൻ അക്കൗണ്ട് എന്ന പേരിൽ 8.25 കോടി രൂപ തുടക്കത്തിൽ തന്നെ ആർ.ഡി.എസിന് കൈമാറി. പാലം പണി തുടങ്ങിയതോടെ വീഴ്ചകൾ മാത്രമായിരുന്നു. വേണ്ടത്ര ശ്രദ്ധയും മേൽനോട്ടവും ഇല്ലാതെയായിരുന്നു നിർമ്മാണം.

ഗതാഗതം തുടങ്ങി ,പാലം കുലുങ്ങി.

2016 ഒക്ടോബർ 16 ന് ഉദ്ഘാടനം കഴിഞ്ഞ പാലത്തിൽ കൂടി പിറ്റേ ദിവസം ഗതാഗതം തുടങ്ങി. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന കുലുക്കത്തിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ആർ.ബി. ഡി.സി.കെ.യുടെ ഭാഷ്യം. ഒരു വർഷം പിന്നിട്ടപ്പോൾ പലയിടത്തും വിള്ളൽ രൂപപ്പെട്ടു. സ്പാനുകൾക്കിടയിലെ ജോയിന്റുകൾ തകർന്നു.

2018 ഒക്ടോബർ 3ന് പാലം അപകടാവസ്ഥയിലാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തു. അന്നാരും അത് ഗൗനിച്ചില്ലെങ്കിലും റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ.

സർക്കാർ പാലത്തിന്റെ ബലത്തെക്കുറിച്ച് പഠിക്കാൻ ചെന്നൈ ഐ.ഐ.ടി.യെ ചുമതലപ്പെടുത്തി. ഇവരുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്ന് 2019 മെയ് 1ന് പാലം അറ്റകുറ്റപണികൾക്കായി അടച്ചു. ജൂൺ ഒന്ന് മുതൽ അറ്റകുറ്റപ്പണികൾ നിർത്തിവച്ച് പാലം ഇനി തുറക്കേണ്ടെന്ന് തീരുമാനിച്ചു. തുടർന്ന് മെട്രോമാൻ ഇ ശ്രീധരന്റെയും കോൺക്രീറ്റ് വിദഗ്ദ്ധൻ മഹേഷ് ഠണ്ഡന്റേയും നേതൃത്വത്തിൽ പരിശോധന. അറ്റകുറ്റപ്പണി നടത്തിയാലും പാലത്തിന് 20 വർഷത്തിൽ കൂടുതൽ ആയുസില്ലെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

കണ്ടെത്തലുകളിൽ ചിലത്