ആലുവ: ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ 1915ൽ ശ്രീനാരായണ ഗുരുവിനാൽ സ്ഥാപിക്കപ്പെട്ട സംസ്‌കൃതപാഠ ശാല പൊളിച്ചു നീക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ ജനപക്ഷ കൗൺസിലർമാർ കറുത്ത തുണിയിൽ വായ് മൂടിക്കെട്ടി നഗരത്തിൽ പ്രകടനവും നഗരസഭ കാര്യലയത്തിൽ ധർണയും നടത്തി.
ചരിത്രപരവും സംസ്‌കാരികവുമായി ഏറെ പ്രാധാന്യമുള്ള സംസ്‌കൃതപാഠശാലയിൽ നിന്നാണ് ശ്രീനാരായണഗുരു കേരളത്തിലെ ജാതി വ്യവസ്ഥിതിക്കെതിരെയും മറ്റും സംസ്‌ക്കാക നവോഥാനത്തിനും നേതൃത്വം നൽകിയത്. ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിനു ശേഷം ഇതേ സംസ്കൃത പാഠശാലക്ക് മുമ്പിൽ നിന്നെടുത്ത ചിത്രം ലോക പ്രസിദ്ധമാണ്. ചരിത്രം പഠിക്കാത്ത നഗരസഭ അധികാരികളും ഉദ്യോഗസ്ഥരും ആലുവയുടെ ശാപമാണെന്ന് ജനപക്ഷ കൗൺസിലർമാരായ സെബി വി. ബാസ്റ്റിൻ,എ.സി. സന്തോഷ് കുമാർ, കെ.വി. സരള എന്നിവർ കുറ്റപ്പെടുത്തി.