പറവൂർ: കൊവിഡ് ബാധിച്ച വിദ്യാർത്ഥിനി എച്ച്.ഡി.സി പരീക്ഷ എഴുതിയത് ആംബുലൻസിലിരുന്ന്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹകരണ വകുപ്പിന്റെ എച്ച്.ഡി.സി പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നതിനിടെയാണ് വടക്കേക്കര സ്വദേശിയായ വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിതീകരിച്ചത്. അച്ഛനും അമ്മക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വറന്റയിലാണ്. തൃശൂരിലായിരുന്ന പരീക്ഷ സെന്റർ. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷ നടത്തിപ്പു വിഭാഗം പറവൂരിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അനുവദിച്ചു. ഡി.വൈ.എഫ്.ഐ പറവൂർ ബ്ളോക്ക് ഏർപ്പെടുത്തിയ ആംബുലൻസിലാണ് വിദ്യാർത്ഥിനി പരീക്ഷ കേന്ദ്രത്തിലെത്തിയത്. ഇവിടെ പരീക്ഷയെഴുതുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇനിയുള്ള നാല് പരീക്ഷകൾ എഴുതുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വടക്കേക്കര പഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിന്റെ ചുമതലക്കാരനായ കെ.എസ്. സനീഷ് പറഞ്ഞു.