വൈപ്പിൻ : ആർ.എം.പി തോട് ഡ്രഡ്ജ് ചെയ്ത് തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാമെന്നും കാലങ്ങളായി മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചുവന്നിരുന്ന തെക്കേ കടവ് ഒഴിവാക്കിയതിനുപകരം പുതിയ ഫിഷ് ലാൻഡിംഗ് സെന്റർ അനുവദിച്ചുതരാമെന്നുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് വാഗ്ദാനം ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ പോർട്ട് ട്രസ്റ്റ് ഓഫീസിന് മുന്നിൽ ധർണനടത്തി. തീരദേശമത്സ്യത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.എ ജയിൻ, ടി.ജെ ജോൺസൺ, പി.കെ മധു, എം.എ ആൽബി , പി.ബി ദയാനന്ദൻ എന്നിവർ സംസാരിച്ചു. ധർണക്ക് ശേഷം പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സണ് നിവേദനം നൽകി.