vellapally-nadeshan

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ വിജിലൻസ് കേസുകൾ സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന ഹർജികൾ ഹൈക്കോടതി തള്ളി.

യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ കോളേജുകളിലും സ്കൂളുകളിലും അദ്ധ്യാപക നിയമനം, പ്രവേശനം എന്നിവയ്ക്ക് കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷിക്കുന്ന കേസുകൾ സി.ബി.ഐക്ക് വി​ടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ തുറവൂർ സ്വദേശി സി.പി. വിജയനാണ് ഹർജി സമർപ്പി​ച്ചി​രുന്നത്.വെള്ളാപ്പള്ളി നടേശൻ അന്യായമായി സമ്പാദിച്ച പണം സ്വന്തം ആവശ്യത്തിനും കുടുംബാംഗങ്ങളുടെ ബിസിനസിനും ഉപയോഗിച്ചു, ഹോട്ടലുകൾ സ്ഥാപിച്ചു, ഭീമമായ ആദായനികുതി കുടിശിക അടച്ചുതീർത്തു, ഗൾഫിൽ മകന്റെയും മകളുടെയും ബിസിനസുകൾക്ക് നിക്ഷേപിച്ചു, കാറുകളും ഫ്ളാറ്റുകളും വാങ്ങി എന്നിവയായിരുന്നു പരാതി.

നിയമാനുസൃതവും തന്റെ ബിസിനസിൽ നിന്നും കുടുംബപരമായും റെയിൽവേ കരാർ പണികളിൽ നിന്നും ആർബിട്രേഷൻ വഴിയും അബ്കാരി ബിസിനസിൽ നിന്നു ലഭിച്ച പണവും, മുമ്പ് വാങ്ങിയ സ്ഥലങ്ങളും അവയിൽ ചിലത് വിറ്റവകയിൽ ലഭിച്ച തുകയുമാണ് തന്റെ സമ്പാദ്യങ്ങളെന്ന് വെള്ളാപ്പള്ളി നടേശൻ വാദിച്ചു.

സ്വത്തുക്കൾക്ക് ആദായനികുതി ക്ളിയറൻസ് ലഭിച്ചി​ട്ടുണ്ട്. താനുമായി യാതൊരു ബന്ധവുമില്ലാത്ത സ്വത്തുക്കളും സ്ഥാപനങ്ങളുമാണ് തന്റേതായി ആരോപിക്കുന്നത്. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് സ്വന്തമായി വരുമാനമുണ്ട്. വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എല്ലാ സ്വത്തുക്കളും തുഷാർ വെളിപ്പെടുത്തിയിട്ടുണ്ട്.

എസ്.എൻ.ഡി.പി യോഗത്തിൽ നിന്നോ ട്രസ്റ്റിൽ നിന്നോ യാതൊരു പണവും വകമാറ്റി ചെലവാക്കിയിട്ടില്ല. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് ഗോകുലം ഗോപാലൻ 2010 ൽ കൊല്ലം സബ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസ് തള്ളിക്കളഞ്ഞിരുന്നു. ആരോപണങ്ങൾ ആവർത്തിച്ച് ചെന്നൈ കമ്പനി ലാ ബോർഡിലും ചെന്നൈ സിറ്റി സിവിൽ കോടതി നാലിലും യോഗത്തെ ലിക്വിഡേറ്റ് ചെയ്യണമെന്നും വെള്ളാപ്പള്ളിക്ക് അയോഗ്യത കല്പിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയിരുന്ന ഹർജികളും തള്ളിയിരുന്നു. ഇത്തരം ആരോപണങ്ങൾ ആവർത്തിച്ചാണ് വിജിലൻസ് കോടതി​യിൽ പരാതി നൽകിയതെന്നും വെള്ളാപ്പള്ളി വാദിച്ചു.

ട്രസ്റ്റ് സ്കീമനുസരിച്ച് ട്രസ്റ്റിന്റെ ഭരണം ട്രസ്റ്റ് എക്സിക്യൂട്ടീവിലാണ് നിക്ഷിപ്തം. സെക്രട്ടറിക്ക് പരിമിതമായ അധികാരം മാത്രമാണുള്ളത്. കോളേജ് അദ്ധ്യാപകരുടെ നിയമനത്തിന് സെലക്ഷൻ കമ്മിറ്റിയിൽ സർക്കാരിന്റെയും സർവകലാശാലയുടെയും പ്രതിനിധികളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് നിയമനം.

റിട്ട് ഹർജി നിലനിൽക്കെ,വിജിലൻസ് അന്വേഷണത്തിൽ വെള്ളാപ്പള്ളി കുറ്റക്കാരനല്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തുടർനടപടികൾ ആവശ്യമില്ലെന്നും കാണിച്ച് വിജിലൻസ് ഡിവൈ.എസ്.പി ഹൈക്കോടതിയിൽ 2014ൽ റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. കേസിലെ റഫർ റിപ്പോർട്ട് നോട്ടീസ് പരാതിക്കാരന് നൽകിയെങ്കിലും കോടതിയിൽ ഹാജരാകുകയോ പ്രൊട്ടസ്റ്റ് കംപ്ളയ്ന്റ് നിശ്ചിതസമയത്തിനകം ഫയൽ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സീനിയർ ഗവൺമെന്റ് പ്ളീഡർ കോടതിയെ അറിയിച്ചു. പരാതിക്കാരന് പുതിയ ഹർജി നൽകാൻ അനുമതി നൽകണമെന്ന ആവശ്യവും നിരസിച്ചാണ് ഹർജി തള്ളിയത്. വെള്ളാപ്പള്ളി നടേശന് വേണ്ടി അഡ്വ.എ.എൻ. രാജൻബാബു ഹാജരായി.