ആലുവ: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ കർശന നടപടിയുമായി റൂറൽ പൊലീസ്. റൂറൽ ജില്ലയിലെ പാറമടകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഡി.വൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും റൂറൽ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് നിർദേശം നൽകി.
നിലവിൽ പ്രവർത്തിക്കുന്ന പാറമടകളുടെ ലൈസൻസ് പരിശോധിക്കും. ലൈസൻസിൽ പറയുന്ന നിബന്ധനകളോടെയല്ല പ്രവർത്തിക്കുന്നതെങ്കിൽ കർശന നടപടിയെടുക്കും. പാറമടയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ അനുവദനീയമായതിലും അധികമുണ്ടെങ്കിൽ എക്സ്പ്ലൊസീവ് ആക്ട് പ്രകാരം കേസെടുക്കും. സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധനക്ക് വിധേയമാക്കും. സുരക്ഷാ പരിശോധന നടത്തും. പ്രത്യേകം തയ്യാറാക്കിയ മഗസിനുകളിൽ തന്നെ വേണം വെടിമരുന്ന് സൂക്ഷിക്കുവാൻ. ഈ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ദ്യമുള്ളവരെ മാത്രമേ ഇതിന് നിയോഗിക്കാവൂവെന്ന് എക്സ്പ്ലൊസീവ്ആക്ടിൽ പറയുന്നുണ്ട്. അളവിലുമധികം പാറ പൊട്ടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജോലിക്കാരുടെ സുരക്ഷ ഉടമസ്ഥർ ഉറപ്പു വരുത്തണമെന്നും എസ്.പി പറഞ്ഞു.