പറവൂർ: പറവൂർ നഗരസഭയുടെ സി.എഫ്.എൽ.ടി സെന്റർ ഇന്ന് തുറക്കും. മുനിസിപ്പൽ ടൗൺഹാളിലാണ് സെന്റർ പ്രവർത്തികുന്നത്. നൂറു പേർക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മെയിൻ ഹാളിൽ 70 ബെഡുകളും മിനി ഹാളിൽ 30 ബെഡുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സെന്ററിലേയ്ക്ക് ആവശ്യമായ മരുന്നുകൾ ആരോഗ്യ വകുപ്പ് എത്തിച്ചിട്ടുണ്ട്. പുതിയതടക്കം പതിനഞ്ച് ശുചിമുറികളുണ്ട്. പത്രങ്ങൾ, മാസികകൾ, പുസ്തകൾ, ചെസ് ബോർഡ്, ടി.വി. ഇന്റർനെറ്റ് വൈഫൈ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കുള്ള ഭക്ഷണം പാചകം ചെയ്തു കൊണ്ടുവന്ന് വിളമ്പും. സമീപവാസികളുടെ അഭ്യർത്ഥന മാനിച്ച് മതിലിനോട് ചേർന്ന് ഏഴ് അടിയോളം ഉയരത്തിൽ ഷീറ്റു കൊണ്ട് മറച്ചിട്ടുണ്ട്. സെന്ററിന്റെ ഉദ്ഘാടനം രാവിലെ പതിനൊന്നിന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിക്കും.