തൃക്കാക്കര: ഡെങ്കിപ്പനി പ്രതിരോധത്തിനായി വീടുകളിലെ ഉറവിടനശീകരണം ഫലപ്രദമായതിന് പിന്നാലെ ഓഫീസുകളിലേയും സ്ഥാപനങ്ങളിലേയും ഉറവിടനശീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ആർദ്രം മിഷിൻ. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി കമ്മീഷണറേറ്റ് ഓഫീസിൽ നടന്ന ജില്ലാതല ഉറവിടനശീകരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി കമ്മീഷണർ രമേഷ് കുമാർ പി.എൻ നേതൃത്വം നൽകി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, എബ്രഹാം, സീനിയർ ബയോജിസ്റ്റ് അബ്ദുൾ ജബ്ബാർ, ആരോഗ്യ വകുപ്പിലെയും, പോലീസ് ഡിപ്പാർട്ട്‌മെന്റിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്ഥാപനങ്ങളും പരിസരവും നിരീക്ഷിച്ച് വെള്ളം കെട്ടി നിന്ന് കൊതുകു പെരുകുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വെള്ളം ശേഖരിച്ച് വെയ്ക്കുന്ന പാത്രങ്ങൾ, എ.സിയുടെ ട്രേ, പാഴ്‌വസ്തുക്കൾ, ടയറുകൾ, ടാർപോളിൻ ഷീറ്റിന്റെ മടക്കുകൾ, ചെടിച്ചെട്ടികളുടെ അടിയിൽ വെക്കുന്ന പാത്രങ്ങൾ, അലങ്കാര ചെടികൾ വളർത്തുന്ന ചട്ടികൾ, സൺഷെയ്ഡ്, കെട്ടിട നിർമാണസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുമെന്നതിനാൽ ഈ സാഹചര്യങ്ങൾ ഒഴിവാക്കാനാണ് ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഡെങ്കിപ്പനി ലക്ഷണം
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്ന് തടിച്ചപാടുകളും ഉണ്ടാകാം. ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാൽ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടേണം. പനി പൂർണമായും മാറുന്നതുവരെ വിശ്രമിക്കേണ്ടതും, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, തുടങ്ങിയവ ധാരാളം കുടിക്കണം.