തോപ്പുംപടി: ഗായകരായ കൊച്ചിൻ ഇബ്രാഹിമിനും സീറോ ബാബുവിനും തലചായ്ക്കാൻ ഒരിടമായി.പ്രശസ്ത സിനിമാ താരവും നിർമ്മാതാവുമായ നാസർ ലത്തീഫ് ഇവർക്കായി എഴുപുന്നയിൽ രണ്ട് സെന്റ് സ്ഥലം വീതം വീട് നിർമ്മിക്കാൻ നൽകി. സ്ഥലം കൈമാറുന്നതിന്റെ ഔപചാരിക ഉദ്ഘാടനം മൗലാനാ ആസാദ് ലൈബ്രറിയിൽ കൊച്ചി എം.എൽ.എ കെ.ജെ. മാക്സിയുടെ നേതൃത്വത്തിൽ നടന്നു. ഒരു കാലത്ത് മലയാള സിനിമാ സംഗീത രംഗത്ത് നിറസാന്നിധ്യമായിരുന്നു കൊച്ചിൻ ഇബ്രാഹിമും സീറോ ബാബുവും.
ദേവരാജൻ മാഷ്, എം.കെ.അർജുനൻ മാഷ്, രാഘവൻ മാഷ്, ബാബുരാജ് എന്നീ സംഗീത പ്രതിഭകളുടെ കീഴിൽ നിരവധി ഗാനങ്ങൾ സിനിമയിൽ ഇവർ ആലപിച്ചിട്ടുണ്ട്. കൊച്ചിയിൽ ഇബ്രാഹിമിന്റെ ഗാനം കേൾക്കാൻ ഇടവന്ന ദിലീപ് കുമാറും റിഷി കപൂറും മുംബയിൽ കൊണ്ടുപോയി ആത്മരക്ഷാ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സീറോ ബാബു നിരവധി മഹാരഥൻമാരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്.രണ്ടു പേരുടെയും ജീവിതം ദുരിതത്തിലായിരുന്നു. കൊച്ചിയിലെ ദേവരാജൻ മാസ്റ്ററുടെ പേരിൽ പ്രവർത്തിക്കുന്ന ദേവദാരു എന്ന സംഘടന ഇവർക്കായി മുന്നിട്ടിറങ്ങുകയായിരുന്നു. സ്ഥലം കിട്ടിയെങ്കിലും വീടെന്നത് ഇനിയും ഇരുവർക്കും സ്വപ്നമാണ്. ലൈബ്രറി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഗായകൻ അഫ്സൽ, ഹുസൈൻ ദേവദാരു, സാദിഖ് ദേവദാരു, മഹാരാജാ സിദ്ദിഖ് എന്നിവരും സന്നിഹിതരായിരുന്നു.