market
ആലുവ മാർക്കറ്റിൽ മാലിന്യ നിർമ്മാജനത്തിനായി നഗരസഭ നിർമ്മിച്ച കെട്ടിടം കച്ചവടക്കാർ ഗോഡൗണാക്കിയ നിലയിൽ

ആലുവ: അരക്കോടിയോളം രൂപ മുടക്കിയ ആലുവയിലെ 'തുമ്പൂർമുഴി മോഡൽ' മാലിന്യ നിർമ്മാർജന പദ്ധതി ജലരേഖയായി. പദ്ധതിക്കായി നീക്കി വച്ച തുക മുഴുവൻ കരാറുകാർക്ക് മുൻകൂർ നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം കച്ചവടക്കാരും കൈയ്യടക്കിയിട്ടും നഗരസഭക്ക് കുലുക്കമില്ല. രണ്ട് വർഷം മുമ്പാണ് 'തുമ്പൂർമുഴി മോഡൽ' മാലിന്യ നിർമ്മാർജന പദ്ധതിക്ക് നഗരസഭ 48 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്.

മുനിസിപ്പൽ പാർക്ക്, മാർക്കറ്റ്, തോട്ടക്കാട്ടുകര, ചെമ്പകശേരി, ദേശീയപാത തുടങ്ങിയ സ്ഥലങ്ങളിൽ പദ്ധതിക്കായി സൗകര്യമൊരുക്കാൻ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനായിരുന്നു (കൈക്കോ)കരാർ. ഗവ. അംഗീകൃത ഏജൻസിയെന്ന പേരിൽ ആദ്യമെ പണം പൂർണമായി നൽകി. പാർക്കിൽ നിർമ്മാണം ഒരു വർഷം മുമ്പേ പൂർത്തിയായി. മാർക്കറ്റിൽ കഴിഞ്ഞ ഡിസംബറിൽ കെട്ടിടം നിർമ്മിച്ചെങ്കിലും അകത്ത് നാലടി പൊക്കത്തിൽ എട്ട് കള്ളികൾ കൂടി നിർമ്മിക്കാനുണ്ട്.

പദ്ധതിക്കൊപ്പം പാർക്ക്, ഗ്രൗണ്ട് നവീകരണവും

മാലിന്യനിർമ്മാർജന പദ്ധതിക്കൊപ്പം മൂന്ന് ഘട്ടങ്ങളിലായി 1.10 കോടി രൂപ ചെലവിൽ മുനിസിപ്പൽ പാർക്ക് നവീകരണം, 10 ലക്ഷം രൂപ ചെലവിൽ മുനിസിപ്പൽ ഗ്രൗണ്ട് നവീകരണം തുടങ്ങിയ കരാറുകളും കൈക്കോക്ക് നൽകിയിരുന്നു. പാർക്ക് നവകീരണത്തിനായി ആദ്യഘട്ടത്തിൽ അനുവദിച്ച 30 ലക്ഷത്തിൽ 24 ലക്ഷം കൈപ്പറ്റിയെങ്കിലും നിർമ്മാണം ഒന്നും നടന്നില്ല. പാർക്കിൽ പുല്ല് പിടിപ്പിച്ചതിൽ ക്രമക്കേട് ചൂണ്ടികാട്ടി ഒാഡിറ്റ് ഒബ്ജക്ഷനും ഉണ്ടായി. മൂന്ന് പദ്ധതികളും പാളിയതോടെ ഭരണ - പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ കൈക്കോ കൈറ്റപ്പറ്റിയ പണം തിരിച്ചുപിടിക്കുന്നതിന് നടപടിയാവശ്യപ്പെട്ട് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തു.

വിവാദങ്ങൾക്കിടെ കെട്ടിടം കൈയ്യേറി

കരാറുകാരനിൽ നിന്നും പണം തിരിച്ചുപിടിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നതിനിടെയാണ് മാർക്കറ്റിലെ മാലിന്യ നിർമ്മാർജനത്തിനായി നിർമ്മിച്ച കെട്ടിടം ചില കച്ചവടക്കാർ ഗോഡൗണാക്കിയത്. നഗരസഭയിൽ നിന്നും രേഖാമൂലമുള്ള യാതൊരു തീരുമാനവുമില്ലാതെ ചില കച്ചവടക്കാർ കൈയ്യേറുകയായിരുന്നു. കൊവിഡിന്റെ പേരിൽ ഒന്നര മാസത്തോളം മാർക്കറ്റ് പൂട്ടിയിട്ട ശേഷം തുറന്നപ്പോഴാണ് കൈയ്യേറ്റം. മാർക്കറ്റിൽ സാമൂഹ്യ അകലം പാലിക്കുന്നതിനായി പൊലീസ് നിർദ്ദേശപ്രകാരമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ അനധികൃതമാണെന്ന് ചൂണ്ടികാട്ടി നഗരസഭ ആരോഗ്യ വിഭാഗം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.