കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റിലായ ശേഷം സ്വപ്നയിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനാഫലം എൻ.ഐ.എയ്ക്കു ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണു വീണ്ടും ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ ശേഷം 12 ദിവസം സ്വപ്നയെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു.
മൊബൈൽ ഫോണിൽ നിന്നും സ്വപ്ന മായ്ച്ചുകളഞ്ഞ ഓൺലൈൻ ചാറ്റുകൾ അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്. ആദ്യമൊഴികളുമായി ഏറെ വൈരുദ്ധ്യമുള്ള വിവരങ്ങളാണ് ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് എൻ.ഐ.എയ്ക്ക് ലഭിച്ചത്. മൊഴികളിൽ പലതും കളവാണെന്നും വ്യക്തമായി. സ്വപ്നയ്ക്ക് അടുപ്പമുള്ള കൂടുതൽ ഉന്നതരുടെ വിവരങ്ങളും ലഭിച്ചു. അതോടെ രണ്ടാംഘട്ട ചോദ്യംചെയ്യൽ നിർണായകമാണ്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടേക്കാം.
അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായർക്ക് കസ്റ്റംസ് കേസിൽ ഇന്നലെ സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. യു.എ.പി.എ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) ചുമത്തി എൻ.ഐ.എ കേസെടുത്ത സാഹചര്യത്തിൽ പ്രതി റിമാൻഡിൽ തുടരും. 180 ദിവസത്തിനുള്ളിൽ എൻ.ഐ.എക്കും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കും.
സ്വപ്നയെ ജയിലിൽ ചോദ്യംചെയ്യാൻ ആദായനികുതി വകുപ്പിന് അനുമതി
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നയുൾപ്പടെയുള്ള ഒൻപത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിന് എറണാകുളം എ.സി.ജെ.എം കോടതി അനുമതി നൽകി. നികുതി വെട്ടിച്ച് പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു ആദായ നികുതി വകുപ്പിന്റെ ആവശ്യം. പ്രതികൾക്ക് ബിനാമി സ്വത്തുണ്ടെന്ന് സംശയമുണ്ട്. സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയ പണവും സംശയത്തിന്റെ പട്ടികയിലാണ്.
കസ്റ്റംസ് ചുമത്തിയ കേസിൽ മൂന്നാം പ്രതി സന്ദീപ് നായർക്കും പതിനഞ്ചാം പ്രതി പി.ടി.അബ്ദുവിനും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപിക്കാത്തതിനാലാണ് എറണാകുളം എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ എൻ.ഐ.എയുടെ യു.എ.പി.എ കേസ് നിലനിൽക്കുന്നതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാനാവില്ല.