pranav

വൈപ്പിൻ : കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിൽ രാത്രിയിൽ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചെറായി രാമവർമ്മ കിഴക്ക് പാഞ്ചാലതുരുത്ത് പരേതനായ കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവാണ് (23) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയ്യമ്പിള്ളി കൈപ്പൻവീട്ടിൽ അമ്പാടിയെ (19) പൊലീസ് അറസ്റ്റുചെയ്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കുറച്ചുനാൾ മുമ്പ് പ്രണവിന്റെ വീട് ഏതാനുംപേർ ചേർന്ന് ആക്രമിച്ചിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിലുണ്ടായിരുന്ന പ്രണവ് ഫോൺ വന്നതിനെത്തുടർന്ന് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. ഇന്നലെ പുലർച്ചെ നാലരയോടെ ബീച്ച് റോഡിലൂടെ വന്ന മത്സ്യത്തൊഴിലാളികളാണ് പള്ളത്താംകുളങ്ങരയിൽ നിന്ന് ബീച്ചിലേക്ക് കയറുന്നിടത്ത് ട്രാൻസ്‌ഫോർമറിനരികെ ടൈൽവിരിച്ച റോഡിൽ മൃതദേഹം കണ്ടത്. തലയ്ക്കും കൈക്കും അടിയേറ്റ് ചോരയിൽ കുതിർന്ന നിലയിലായിരുന്നു. മൃതദേഹത്തിനരികെ ശീമക്കൊന്ന പത്തലും പൊട്ടിയ ട്യൂബ് ലൈറ്റുകളും കിടപ്പുണ്ടായിരുന്നു.ചൊവാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് മുനമ്പം എസ് ഐ വി.കെ. സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തലക്കേറ്റ അടിയായിരിക്കാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും. പുഞ്ചപൊക്കത്ത് കുടുംബാംഗം ഷെറീനയാണ് മാതാവ്. സഹോദരൻ സൗരവ്.