arathi

ആലുവ: കൊവിഡ് പ്രതിസന്ധികളെല്ലാം മറികടന്ന എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകൾ ആരതി രഘുനാഥ് ഓൺലൈൻ സർട്ടിഫിക്കറ്റുകളിൽ ലോക റെക്കാഡ് നേടി. മാറമ്പള്ളി എം.ഇ.എസ് കോളേജ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ആരതി ഓൺലൈൻ പ്ലാറ്റ്‌ഫോമായ കോഴ്‌സിറയിൽ മൂന്ന് മാസത്തിനുള്ളിൽ പ്രസിദ്ധ യൂണിവേഴ്‌സിറ്റികളിൽ നിന്ന് വിവിധ കോഴ്‌സുകളിലായി 350 സർട്ടിഫിക്കറ്റുകൾ നേടിയാണ് ലോക റെക്കാഡിട്ടത്.

അടച്ചിടൽ കാലത്ത് വിദ്യാർത്ഥികളുടെ പഠനം തുടർന്ന് പോകുന്നതിനായി കോളേജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്‌സിറ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ നേടുന്നതിനുമായ സൗകര്യം ഒരുക്കിയിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് ആരതി സർട്ടിഫിക്കറ്റുകൾ വാരിക്കൂട്ടിയത്. ഇത് യൂണിവേഴ്‌സൽ റെക്കാഡ് ഫോറം അംഗീകരിച്ച് ലോക റെക്കാഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

ജോൺ ഹോക്കിൻസ് യൂണിവേഴ്‌സിറ്റി, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെന്മാർക്ക്, യൂണിവേഴ്‌സിറ്റി ഒഫ് വെർജിന, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഒഫ് ന്യൂയോർക്ക്, യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോ, യൂണിവേഴ്‌സിറ്റി ഒഫ് കോപ്പൻഹാഗൻ, യൂണിവേഴ്‌സിറ്റി ഒഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് വെർജീനിയ, കോഴ്‌സിറ പ്രൊജക്ട് നെറ്റ്‌വർക്ക് എന്നിവയിൽ നിന്നാണ് ആരതി നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് ആരതി.

കോളേജിൽ നടന്ന ചടങ്ങിൽ മാനേജ്‌മെന്റ് ഭാരവാഹികളായ എം.എ. മുഹമ്മദ് (ചെയർമാൻ), എ.എ. അബുൾ ഹസൻ (സെക്രട്ടറി), വി.എ. പരീത് (ട്രഷറർ), ടി.എം. സക്കീർ ഹുസൈൻ (വൈസ് ചെയർമാൻ), പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി., കോഴ്‌സിറ കോഓർഡിനേറ്റർ കെ.ജി. ഹനീഫ, ബയോസയൻസ് വിഭാഗം മേധാവി ഡോ. ഉമേഷ് ബി.റ്റി എന്നിവർ അഭിനന്ദിച്ചു.