കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പതിനായിരം രൂപ അടിയന്തരസഹായം അനുവദിക്കണമെന്ന് ബി.എം.എസ് സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു.കേരളത്തിൽ 1.10 കോടിപ്പേർ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. ഇവരിൽ മഹാഭൂരിപക്ഷവും അന്നന്നത്തെ കൂലികൊണ്ട് ജീവിക്കുന്നവരാണ്. കൊവിഡ് പ്രതിസന്ധിയിൽ ഇവരുടെ വരുമാനം നിലച്ചു. കഠിനമായ അവസ്ഥയിലാണ് ഇവർ കുടുംബങ്ങളിൽ കഴിയുന്നത്. മോട്ടോർവാഹനം, കടകൾ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെയും സ്ഥിതി പരിതാപകരമാണ്.
കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ഇ.എസ്.ഐയിൽനിന്ന് മൂന്നുമാസത്തേക്ക് അയ്യായിരം രൂപവരെ നൽകിയിരുന്നു. നൂറുതൊഴിലാളികളുടെ എണ്ണം അനുസരിച്ച സ്ഥാപനങ്ങളിലെ പി.എഫിന്റെ വിഹിതം സർക്കാർ അടയ്ക്കുന്നുണ്ട്. പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അസംഘടിതമേഖലക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. പതിനായിരംരൂപ അടിയന്തരമായി നൽകണം. മേയ് വരെ അനുവദിച്ച സൗജന്യ എൽ.പി.ജി വിതരണം തുടരണമെന്ന് കേന്ദ്ര സർക്കാരിനോടും ബി.എം.എസ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകമാർ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സലിം തെന്നിലാപുരം പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സദാശിവൻ പിള്ള, ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ, സംഘടനാ സെക്രട്ടറി ദുരൈരാജ്, സി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.