കൊച്ചി : ദേശീതപാത ബൈപ്പാസ് വഴി കടന്നുപോകുന്നവർക്ക് ഭീഷണി ഉയർത്തി ഒന്നര വർഷമായി അടച്ചുപൂട്ടിക്കിടന്ന പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചുതുടങ്ങിയതോടെ കൊച്ചിക്കാർക്ക് ആശ്വാസമായി. എട്ടര മാസം കൂടി കാത്തിരുന്നാലും ദുരിതത്തിന് അറുതിയാകുമല്ലോയെന്ന ചിന്തയിലാണ് ആയിരങ്ങൾ. വെെറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ തുറക്കുന്നതിന്റെ പൂർണപ്രയോജനം ഇടപ്പള്ളി - ചേർത്തല റോഡിൽ ലഭിക്കണമെങ്കിൽ പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണം പൂർത്തിയാകണം.
തുടക്കം പൂജയോടെ
പൊളിക്കലിനു മുന്നോടിയായി പാലത്തിൽ തടസങ്ങൾ തീരാൻ പൂജ നടത്തിയാണ് ജോലികൾ തുടങ്ങിയത്. ഡി.എം.ആർ.സിയുടെ ഉദ്യോഗസ്ഥരും ഊരാളുങ്കൽ ലേബർ സൊസെെറ്റിയുടെ തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.
ഇ. ശ്രീധരനെത്തും
ഡി.എം.ആർ.സി യുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ അടുത്തയാഴ്ച ഫ്ളെെ ഓവർ സന്ദർശിക്കും. ചീഫ് എൻജിനീയർ ജി. കേശവ് ചന്ദ്രൻ കൂടി തിരിച്ചെത്തുന്നതോടെ പണികൾ ഉഷാറാകും.
തൂണുകളും തൂണുകൾക്ക് മുകളിലെ 'പിയർ ക്യാപ്പും' നിലനിറുത്തി മേൽഭാഗം പൂർണമായി പൊളിച്ചുനീക്കും. 102 ഗർഡറുകളാണ് പൊളിച്ചുനീക്കേണ്ടത്. ഇവ 22.2 മീറ്ററിലധികം നീളമുള്ളവയാണ്. പാലത്തിലെ ടാറിംഗ് നീക്കം ചെയ്യുന്ന പണികളാണ് തുടങ്ങിയത്. തുടർന്ന് ഡെക്ക് സ്ലാബും നീക്കും. ഇതിന് ശേഷമേ ഗർഡറുകൾ മുറിച്ചുമാറ്റൽ തുടങ്ങൂ. മുറിച്ചുമാറ്റുമ്പോൾ പിയർ ക്യാപ്പിനും പിയറിനും തകരാർ സംഭവിക്കുന്നത് ഒഴിവാക്കുകയാണ് വെല്ലുവിളി. പൊളിക്കൽ പൂർത്തിയായശേഷം ഇവയുടെ ബലം പരിശോധിക്കും.
പൊടിശല്യം ഒഴിവാക്കും
കോൺക്രീറ്റ് മുറിച്ചുമാറ്റുന്നതിനാൽ പൊടിയും ശബ്ദവും കുറവായിരിക്കും. ഗർഡറുകൾ പൊളിച്ചുനീക്കാൻ ഉപകരണങ്ങൾ ഉപയോഗിക്കും. പൊടി ശല്യമില്ലാതാക്കാൻ നെറ്റ് കർട്ടൻ ഉപയോഗിച്ചാണ് പൊളിക്കൽ.