കൊച്ചി: മന്ത്രി കെ.ടി. ജലീൽ സി.പി.എമ്മിന്റെ എ.ടി.എം മെഷീനും കേരളത്തിലെ സ്വർണക്കള്ളക്കച്ചവടക്കാരുടെ ഇടനിലക്കാരനാണെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. അതിനാലാണ് മുഖ്യമന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണിച്ചന്റെ ഡയറിയിൽ മുമ്പ് കടകംപള്ളി സുരേന്ദ്രന്റെ പേര് ഉണ്ടായിരുന്നതുപോലെ സ്വപ്ന സുരേഷിന്റെ ഹാർഡ് ഡിസ്‌കിലും കടകംപള്ളിയുടെ പേരുണ്ടാകും. ശിവശങ്കറിന്റെ ബന്ധുക്കളുടെ ഭീഷണിയെ പേടിച്ചാണ് മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുന്നത്. അന്വോഷണം ക്ലിഫ് ഹൗസിൽ എത്തിയേ അവസാനിക്കൂവെന്നും സന്ദീപ് വാര്യർ പറഞ്ഞു. എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് കച്ചവടക്കാരെയും രാജ്യദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നവരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി മാനമുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും ജയകൃഷ്ണൻ പറഞ്ഞു.
മാർച്ച് പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി പി. ശങ്കരൻകുട്ടി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, വൈസ് ചെയർമാൻമാർ പി.ജെ. സാബു, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രൻ, ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി, ജില്ലാ പ്രസിഡന്റ് ജോയ് എളമക്കര, കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് വിനോദ് തമ്പി, ലോക് ജനശക്തി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ കെ.എസ്. ഷൈജു, എം. എബ്രഹ്മരാജ്, വൈസ് പ്രസിഡന്റുമാരായ എം.എൻ. ഗോപി, സരോജം സുരേന്ദ്രൻ, മദ്ധ്യമേഖല സെക്രട്ടറിമാരായ സി.ജി. രാജഗോപാൽ, രാജേഷ് എന്നിവർ നേതൃത്വം നൽകി.