കൊച്ചി: കർഷകർക്കും തൊഴിലാളികൾക്കുമെതിരെ കേന്ദ്രസർക്കാർ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് എച്ച്. എം.എസ് മുൻ ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് പറഞ്ഞു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡുയൂണിയൻ എറണാകുളം സൗത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ ചർച്ചകളില്ലാതെ ദോശചുടുന്ന ലാഘവത്തോടെ നിയമഭേദഗതി ബില്ലുകൾ പാസാക്കുന്നത് പാർലമെന്റിനെ അവഹേളിക്കുന്നതിന് തുല്യമാണ്. കർഷകരോടും തൊഴിലാളികളോടും ശത്രുതാമനോഭാവവും കോർപ്പറേറ്റുകളോട് അമിതവാത്സല്യവുമാണ് കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്നത്. ഇത് ഭരണഘടനാപരമായ തൊഴിലാളികളുടെയും സമൂഹത്തിന്റെയും അവകാശങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം. സുരേഷ് (സി.ഐ.ടി.യു) അദ്ധ്യക്ഷതവഹിച്ചു. എച്ച്.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, കെ.ജി. സുനിൽകുമാർ (എസ്.ആർ.എം.യു), എൻ. രവികുമാർ (ഡി.ആർ.ഇ.യു), ബാബു തണ്ണിക്കോട്, കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളായ ബിജു പുത്തൻപുരക്കൽ, കെ.എൻ. ധനേഷ്, ജോൺസൻ മൂലമ്പിള്ളി, എം.വി. ലോറൻസ് എന്നിവർ സംസാരിച്ചു.