ആലുവ: ഏഴ് വർഷം മുൻപ് പൊളിച്ച മാർക്കറ്റ് കെട്ടിടം പുനർ നിർമ്മിക്കാത്തതിൽ വ്യാപാരികളുടെ പ്രതിഷേധം. മാർക്കറ്റിലെ വ്യാപാരികൾ ഇന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കടകളടച്ച് നഗരസഭക്ക് മുമ്പിൽ പ്രതിഷേധിക്കും. പ്രസിഡന്റ് ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ സംസാരിക്കും.
മാർക്കറ്റ് പൊളിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് നിർദ്ദിഷ്ഠ മാർക്കറ്റ് സമുച്ചയ നിർമ്മാണം അനന്തമായി നീളുകയാണ്. മഴക്കാലമായാൽ ചെളിയും വെള്ളവും കാരണം സ്റ്റാളുകളിൽ ഇരിക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിലായിരിക്കുന്ന വ്യാപാരികളെ തിരിഞ്ഞു നോക്കാൻ പോലും നഗരസഭ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.