കൊച്ചി: പുല്ലേപ്പടി-തമ്മനം റോഡിലൂടെയുള്ള യാത്രയിൽ റോഡരികിലെ ബോർഡ് കണ്ടാൽ ആരുമൊന്ന് വണ്ടി നിർത്തും. കരുണ നിറഞ്ഞ വാക്കുകളാണ് അതിൽ. കാൻസർ രോഗികൾക്ക് പച്ചക്കറി സൗജന്യം എന്ന നന്മയുടെ വാക്കുകൾ എഴുതിയ ബോർഡെഴുതി ഒന്നര വർഷമായി തന്റെ കടയിൽ നിന്ന് പച്ചക്കറി സൗജന്യമായി നൽകുന്നത് ആലുവ ചൂണ്ടി ചെക്കനാട്ട് ജെഫി സേവ്യറാണ്.
തീരുമാനമെടുത്ത
ആ രാത്രി
ഒരു ദിവസം രാത്രിയിൽ ചൂണ്ടിയിലെ കട അടച്ച് വീട്ടിലേക്ക് മടങ്ങിയ ജെഫിക്ക് പെട്ടെന്ന് തിരികെ കടയിലേക്ക് വരേണ്ടി വന്നു. കടയ്ക്ക് മുന്നിലെത്തിയ ജെഫി കണ്ടത് കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്. താൻ ഉപേക്ഷിച്ച പച്ചക്കറികൾ തിരഞ്ഞെടുക്കുന്നു ഒരാൾ! കാര്യങ്ങൾ തിരക്കി. ഭാര്യക്ക് കാൻസർ രോഗമായതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായെന്നും വേറെ മാർഗില്ലാതായതോടെ ഇതിൽ നിന്ന് നല്ലത് തിരഞ്ഞെടുക്കുകയാണെന്നും നിറകണ്ണുകളോടെ പറഞ്ഞു ആ മനുഷ്യൻ. അടുത്ത ദിവസം മുതൽ ദിവസവും ആവശ്യത്തിന് പച്ചക്കറികൾ അദ്ദേഹത്തിന് നൽകുക മാത്രമല്ല, കാൻസർ രോഗികൾക്ക് പച്ചക്കറികൾ സൗജന്യമെന്ന് കടയ്ക്ക് മുന്നിൽ ബോർഡും സ്ഥാപിച്ചു ജെഫി. ലോക്ക് ഡൗൺ സമയത്ത് സാമൂഹിക അടുക്കളകൾക്കും അനാഥാലയങ്ങൾക്കും പാവപ്പെട്ട കോളനി നിവാസികൾക്കും ആവശ്യാനുസരണം പച്ചക്കറികൾ സൗജന്യമായി നൽകിയിരുന്നു.
വിശ്വാസമാണെല്ലാം
പച്ചക്കറി വാങ്ങാൻ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ വരാം. ചികിത്സാ സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. വിശ്വാസമല്ലേ എല്ലാം എന്ന് ജെഫി പറയുന്നു. അളവോ തൂക്കമോ ഒന്നുമില്ല. ആവശ്യത്തിന് അനുസരിച്ച് പച്ചക്കറി എടുക്കാം. കച്ചവടത്തിന്റെ ലക്ഷ്യം ലാഭം മാത്രമല്ലെന്നു വിശ്വസിക്കുന്ന ജെഫി തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കറികൾ എത്തിക്കുന്നത്. സാമ്പത്തികശേഷിയുള്ളവർ ഈ സൗജന്യം മുതലെടുക്കരുതെന്ന അഭ്യർത്ഥന മാത്രമേ ജെഫിക്കുള്ളൂ. ജെഫിയുടെ ഉടമസ്ഥതയിലുള്ള നാല് കടകളിലും ഈ സൗജന്യം ലഭ്യമാണ്.