കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനെ വിറ്റഴിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സി.ഐ.ടി.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 10 വരെ ആയിരം കേന്ദ്രങ്ങളിൽ പൊതുമേഖലാ സംരക്ഷണ സദസ് സംഘടിപ്പിക്കും.

ബി.പി.സി.എൽ വില്പനയ്ക്കുവേണ്ടി കേന്ദ്രം ഉത്തരവ് പുറത്തിറക്കി. വാങ്ങാൻ താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി മൂന്നുതവണ നീട്ടിവച്ചു. പുതിയ വിജ്ഞാപനപ്രകാരം സെപ്തംബർ 30 ആണ് താത്പര്യപത്രം നൽകാനുള്ള അവസാനതീയതി.

ഭാരത് പെട്രോളിയം പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കപ്പെടുമ്പോൾ പൊതുമേഖലയെന്ന നിലയിൽ നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഇല്ലാതാകുമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ, സെക്രട്ടറി സി.കെ. മണിശങ്കർ എന്നിവർ പറഞ്ഞു.