കോട്ടയം: തേക്കടിക്കും മൂന്നാറിനും പിറകെ ഗവിയും സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. അടുത്തമാസം ആദ്യവാരത്തിൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്. സഞ്ചാരികളെ മാടി വിളിച്ച് ഗവി കോടമഞ്ഞിൽ പുതച്ചുനില്ക്കുകയാണ്.
കൊവിഡ‌് പടർന്നതോടെ മാർച്ച് മാസത്തിലാണ് ഗവിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. തേക്കടിയും മൂന്നാറും സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകൾ ഗവിയിൽ രണ്ടോ മൂന്നോ ദിവസം ചിലവഴിച്ചിട്ടാണ് മടങ്ങുന്നത്. യൂറോപ്യന്മാരാണ് ഗവിയുടെ തണുപ്പ് ആസ്വദിക്കാൻ കൂടുതലും എത്തിയിരുന്നത്. വടക്കേ ഇന്ത്യക്കാരുടെയും മലയാളികളുടെയും പ്രിയകേന്ദ്രമാണ് ഗവി.
ഏതുസമയവും മൂടൽ മഞ്ഞ് പരന്നുകിടക്കുന്ന ഗവിയിൽ കാട്ടാനകളെയും കാട്ടുപോത്തുകളെയും കൂട്ടമായി അടുത്ത് കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കാട്ടാനകൾ ഏതുസമയവും റോഡിലുണ്ടാവും. കൂട്ടമായി ഇവ അപകടകാരികളല്ല. വാഹനമെത്തുമ്പോൾ റോഡിൽ നിന്ന് കാട്ടിലേക്ക് വലിയുകയാണ് ഇവയുടെ പതിവ്. കടുവയും ഗവിയിലെ വനത്തിലുണ്ട്. മ്ലാവ്, കേഴ, കാട്ടുപൂച്ച, മരയണ്ണാൻ, കുരങ്ങ്, സിംഹവാലൻ കുരങ്ങ്, പൊൻമാൻ, മരംകൊത്തി തുടങ്ങിയവയും ഗവിയിലെ വനത്തിലെ താമസക്കാരാണ്. നൂറ് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന വനത്തിലൂടെയുള്ള യാത്രയിൽ ഇവയെ നേരിൽ കാണാൻ സാധിക്കും.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലായാണ് ഗവി വനമേഖല വ്യാപിച്ചുകിടക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനുകളിലും പെരിയാർ കടുവ സങ്കേതം കിഴക്ക് പടിഞ്ഞാറ് ഡിവിഷനുകളിലുമായാണ് ഗവി ടൂറിസ്റ്റ് സങ്കേതം. സീതത്തോട് പഞ്ചായത്തിൽപ്പെടുന്ന ഇവിടുത്തെ തടാകത്തിൽ കൊട്ടവഞ്ചിയിൽ യാത്രചെയ്യാനും ടൂറിസ്റ്റ് വകുപ്പ് സൗകര്യമേർപ്പെടുത്തും.
നിയന്ത്രണം കർശനം
ഗവിയിലേക്കുള്ള റോഡിൽ കുറെഭാഗം താറുമാറായി കിടക്കുകയാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. അത് ഒരാഴ്ചക്കുള്ളിൽ പൂർത്തിയാവും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സഞ്ചാരികൾക്ക് യാത്രക്ക് അനുമതി നല്കുക. ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് ഓഫീസിൽ ഓൺലൈൻ വഴി സന്ദർശകർക്ക് ബുക്ക് ചെയ്യാം. കുട്ടികൾക്കും 65 വയസ് കഴിഞ്ഞവർക്കും ഗവിയിലേക്ക് പ്രവേശനമില്ല. ഒരു ദിവസം 30 വാഹനങ്ങൾക്ക് മാത്രമേ ഗവിയിലേക്ക് യാത്രാനുമതി നല്കുകയുള്ളു. രാവിലെ 7 മണിമുതൽ വൈകിട്ട് നാലര വരെയാണ് സന്ദർശനാനുമതി. വനത്തിനുള്ളിൽ താമസസൗകര്യവും ഏർപ്പാടാക്കും. രാത്രിയുടെ നിശബ്ദതയിൽ വന്യജീവികളുടെ സാന്നിദ്ധ്യം കണ്ടറിയാം. വന്യമൃഗങ്ങളെ കൺകുളിർക്കെ നേരിൽ കാണാനും സാധിക്കും. കേരള വനം വികസന കോർപ്പറേഷൻ സഞ്ചാരികൾക്കായി സൗകര്യമൊരുക്കിക്കഴിഞ്ഞു.