കിഴക്കമ്പലം: ഷോപ്പിംഗിനായി തിരക്കുള്ള നഗരങ്ങളിൽ അലയേണ്ട, ഷോപ്പിംഗ് ഒരനുഭവമാക്കാൻ കിഴക്കമ്പത്തുകാർക്കായി നാല് മൾട്ടിപ്ളെക്സ് തീയറ്ററടക്കം മാൾ വരും. ആധുനിക ഉപകരണങ്ങളുമായി കുട്ടികളുടെ പാർക്കും, ബ്രാൻഡ് ഉല്പന്നങ്ങളുടെ എക്സ്ക്ളൂസീവ് ഷോപ്പുകളുമായി പഞ്ചായത്തു മാർക്കറ്റിൽ ബഹുനില മന്ദിരം നിർമ്മിക്കാൻ ട്വന്റി20 രൂപരേഖ തയ്യാറാക്കി. പതിറ്റാണ്ടുകൾ പഴക്കമുള്ള മാർക്കറ്റിലെ മുഴുവൻ പഞ്ചായത്തു വക വ്യാപാര സമുച്ചയങ്ങളും പൊളിച്ചു മാറ്റി കിഴക്കമ്പലത്തിന്റെ മുഖച്ഛായ മാറ്റാനാണ് പദ്ധതിയൊരുക്കുന്നത്.
കിഴക്കമ്പലത്തിന്റെ മുഖം മാറും
പഞ്ചായത്തിൽ നിലവിലുള്ള കെട്ടിടങ്ങളും കടമുറികളും മേച്ചിൽ ഷീറ്റുകൾ തകർന്നതും കോൺക്രീറ്റുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. ഭിത്തികൾക്കെല്ലാം വിള്ളലുകൾ വീണു. കോൺക്രീറ്റ് മേച്ചിൽ ഭാഗത്ത് വെള്ളം ചോർച്ചയുണ്ട്. തൂണുകൾ തകർന്ന് ഷീറ്റുമേഞ്ഞ ഭാഗം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലുമാണ്. പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി പാർക്കിംഗ് സൗകര്യങ്ങളോടെ പുതിയ ബഹുനില വ്യാപാര സമുച്ചയം നിർമ്മിക്കാൻ ട്വന്റി 20 ഭരണത്തിലേറിയപ്പോൾ ആലോചിച്ചിരുന്നെങ്കിലും ചില വ്യാപാരികൾ എതിർപ്പുമായി കോടതിയെ സമീപിച്ചതു കാരണം നടപടിയിലേക്ക് നീങ്ങിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി പറഞ്ഞു. നിലവിൽ കേസുകളൊന്നും നിലനിൽക്കുന്നില്ല. കെട്ടിടങ്ങളുടെ അപകടാവസ്ഥ വ്യാപാരികൾ തിരിച്ചറിഞ്ഞു. ജനങ്ങളെ ആകർഷിക്കുന്നതിനും പ്രദേശത്തെ വികസനത്തിനും വ്യാപാര സമുച്ചയങ്ങൾ അത്യാവശ്യമാണെന്ന തിരിച്ചറിവും വ്യാപാരികൾക്കുണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് കടമുറികൾ ഒഴിയാമെന്ന സമ്മതം വ്യാപാരികൾ നൽകിയിട്ടുള്ളത്. മുറികൾ ഒഴിയുന്നതിന് വ്യാപാരികൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. കടമുറികൾ ഒഴിയുന്ന മുറയ്ക്ക് അതിവേഗത്തിൽ വ്യാപാര സമുച്ചയം നിർമ്മിക്കും. ആദ്യകാലത്ത് വാടകയ്‌ക്കെടുത്തവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും കച്ചവടം നടത്തുന്നത്. മറ്റുള്ളവർ പലരിൽ നിന്നുമായി ലക്ഷങ്ങൾ കൊടുത്ത് കടമുറികൾ സ്വന്തമാക്കി വ്യാപാരം തുടങ്ങിയവരാണ്.
നിർമ്മാണം തുടങ്ങിയാൽ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കും. പ്രമുഖ ജ്വല്ലറി, ടെക്സ്റ്റൈൽ, ബ്രാൻഡഡ് കമ്പനികൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ കിഴക്കമ്പലത്തേക്കെത്താൻ സന്നദ്ധരാണ്.
സാബു എം.ജേക്കബ്
ചീഫ് കോ ഓർഡിനേറ്റർ,
ട്വന്റി 20 കിഴക്കമ്പലം