കാഞ്ഞിരപ്പള്ളി: ലോക മാസ്റ്റേഴ്സ് ഗെയിംസിൽ ഹോക്കിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാൻ അവസരം ലഭിച്ച സൗമ്യ ജിനീഷിന് ജപ്പാനിലേക്ക് പറക്കണമെങ്കിൽ സാമ്പത്തികം കണ്ടെത്തണം. രണ്ടു ലക്ഷം രൂപ സമാഹരിച്ചാലേ സൗമ്യയുടെ സ്വപ്നം പൂവണിയൂ. ഒപ്പം നാട്ടുകാരുടെ മോഹവും. മലയരയ വിഭാഗത്തിൽപ്പെട്ട മുപ്പത്തിമൂന്നുകാരിയായ ആദിവാസി യുവതിയാണ് സൗമ്യ. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിലെ പാലപ്ര വേങ്ങത്താനം തോപ്പിടപെട്ടിയിൽ ജനീഷിന്റെ ഭാര്യയായ സൗമ്യ ഇടുക്കി ജില്ലയിലെ കൊക്കയാർ പ്ലാക്കൽ ഇട്ടിശ്ശേരിയിൽ പരേതരായ സുകുമാരൻ - സരോജിനി ദമ്പതിമാരുടെ മകളാണ്.
ഹോക്കിസ്റ്റാറായ കഥ
എറണാകുളം ഗവ.എച്ച്.എസ്.എസിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസ് മുതലാണ് സൗമ്യ ഹോക്കിയെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. തുടർന്ന് പരിശീലനം ആരംഭിച്ചു. സ്കൂൾ പഠനകാലത്ത് ജില്ലാ, സംസ്ഥാന, ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തു. പ്ലസ് ടു വിന് കൊല്ലം എസ്.എൻ ട്രസ്റ്റ് സ്കൂളിലായിരുന്നു പഠനം. 2003 ൽ കൊല്ലം സായിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഹോക്കിയിൽ തിളങ്ങിത്തുടങ്ങി. നിരവധി മത്സരങ്ങളിൽ പങ്കാളിയായ സൗമ്യ ഹോക്കിയിൽ താരമായി. പ്ലസ്ടു വിനു ശേഷം കളമശ്ശേരി പോളിടെക്നികിൽ കെ.ജി.ടി.ഇ.കോഴ്സ് പഠിച്ചു തുടർന്ന് ഹെൽത്ത് ക്ലബ്ബിൽ ട്രയിനിയായും ഒപ്പം സോഷ്യൽ വർക്കറായും ജോലി ചെയ്തു.
ഇതിനിടയിലായിരുന്നു വിവാഹം. കുടുംബവും കുട്ടിയും ആയിട്ടും ആ ഇടുക്കിക്കാരിയുടെ കായിക സ്വപ്നങ്ങൾ മങ്ങിയില്ല. പഴയ ഹോക്കിതാരങ്ങൾ ചേർന്ന് രൂപീകരിച്ച ഹാക്കേഴ്‌സ് ഹോക്കി ക്ലബ്ബിനു വേണ്ടിയാണ് സൗമ്യ വീണ്ടും ഹോക്കിസ്റ്റിക്ക് കൈയിലേന്തിയത്. പഴയ ആവേശത്തോടെ തന്നെ കളിക്കളത്തിലിറങ്ങി. ഗുജറാത്തിൽ നടന്ന ഫൈനലിലും മികവു പുലർത്തി. ഇതോടെ 2021 മേയിൽ ജപ്പാനിൽ നടക്കുന്ന അഖിലലോക ഹോക്കി മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണവും വന്നു.
വേണം ലക്ഷങ്ങൾ
എന്നാൽ സൗമ്യയുടെ ആ സ്വപ്നം പൂവണിയണമെങ്കിൽ മുടക്കേണ്ടത് രണ്ട് ലക്ഷത്തോളം രൂപയാണ്. പഴുമലക്കുന്നിലെ എട്ടു സെന്റിലെ വീട്ടിലാണ് കൂലിപ്പണിക്കാരനായ ഭർത്താവ് ജനീഷും മകൾ രണ്ടാം ക്ലാസുകാരി അമയയുമൊത്ത് താമസം. മഴക്കാലത്ത് വീട് ചോർന്നൊലിച്ചതോടെ പുരയുടെ മുകൾഭാഗം ടാർപോളിൻ കൊണ്ട് പൊതിഞ്ഞിരിക്കയാണ്. മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ചില സംസ്ഥാനങ്ങൾ സഹായം നല്കാറുണ്ട്. എന്നാൽ കേരളത്തിൽ അതില്ല. മാസ്റ്റേഴ്‌സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന പലരും സ്വന്തമായി കാശു മുടക്കിയും സ്‌പോൺസർമാരെ ഉപയോഗിച്ചുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സൗമ്യയുടെ കായിക സ്വപ്നങ്ങൾ സഫലമാക്കുവാൻ കൂലിപ്പണിക്കാരനായ ജിനീഷിന് കഴിവില്ല. നിരവധി കായിക പ്രേമികളുള്ള മലയാളമണ്ണിലെവിടെ നിന്നെങ്കിലും പ്രതീക്ഷയുടെ ഒരുതിരിനാളം വരുമെന്ന കാത്തിരിപ്പിലാണ് സൗമ്യയും കുടുംബവും.