നെടുമ്പാശേരി: മനോവൈകല്യമുള്ള പതിനാലുകാരിയെ പലവട്ടം പീഡിപ്പിച്ച കേസിൽ പ്രതിയായ രണ്ടാനച്ഛനെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. കറുകുറ്റി സ്വദേശിയായ 43 കാരനെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ. ജോസി അറസ്റ്റുചെയ്തത്.
വിവാഹമോചിതയായ സ്ത്രീയോടൊപ്പം വർഷങ്ങളായി ഇയാൾ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ളതാണ് പെൺകുട്ടി. വീട്ടിൽ ആളില്ലാത്തപ്പോഴും രാത്രിയും രണ്ടുവർഷമായി കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാവിന്റെയും പ്രതിയുടെയും നിർബന്ധംമൂലം പീഡിപ്പിച്ചത് അയൽവാസിയാണെന്നാണ് കുട്ടി ആദ്യം വെളിപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
എന്നാൽ വീണ്ടും കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗൺസലിംഗിലാണ് രണ്ട് വർഷത്തോളമായി രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. ചെങ്ങമനാട് പ്രിൻസിപ്പൽ എസ്.ഐ ആർ. രഗീഷ് കുമാറും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.