life-mission
നിർദ്ദിഷ്ട ഭവനസമുച്ചയത്തിന്റെ മാതൃക

കൊച്ചി : ജില്ലയിലെ 124 കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ട ഭവനനിർമാണ പദ്ധതിക്ക് ഇന്ന് തറക്കല്ലിടും. അയ്യമ്പുഴ, കരുമാലൂർ, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് രാവിലെ 11.30ന് ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് പദ്ധതികളുടേയും നിർമാണോദ്ഘാടനം നിർവഹിക്കും. ഭൂരഹിത ഭവനരഹിതരായിട്ടുള്ളവർക്കാണ് വീടൊരുക്കുന്നത്. 10 മാസംകൊണ്ട് കെട്ടിടനിർമാണം പൂർത്തിയാക്കും.

ലൈറ്റ് ഗേജ് പ്രീ -ഫാബ്രിക്കേഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് നിർമാണം. 487 ചതുരശ്ര അടിയാണ് ഓരോ വീടുകളുടെയും വിസ്തീർണം. 2 കിടപ്പുമുറി, അടുക്കള, ഹാൾ, കുളിമുറി എന്നിവ അടങ്ങുന്നതാണ് ഓരോവീടും. കൂടാതെ പ്രായമായവർക്കുള്ള പ്രത്യേകസ്ഥലങ്ങൾ, കുട്ടികൾക്ക് കളിസ്ഥലം, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഒരുക്കും. കുടിവെള്ളസൗകര്യം, മാലിന്യ നിർമാർജനത്തിന് പ്രത്യേക സൗകര്യം എന്നിവയും സമുച്ചയങ്ങളിൽ നിർമ്മിക്കും.

അയ്യമ്പുഴ കുറ്റിപ്പാറയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 158 സെന്റ് സ്ഥലത്താണ് 26651 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനസമുച്ചയം നിർമിക്കുന്നത്. 44 കുടുംബങ്ങൾക്കുള്ള സൗകര്യം ഇവിടെ ഒരുക്കും. 6.29 കോടി രൂപയാണ് നിർമാണച്ചെലവ്.

കരുമാലൂർ ബ്ലോക്ക് പള്ളത്ത് 44 കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് 36 കുടുംബങ്ങൾക്ക് വീടൊരുക്കും.