മൂവാറ്റുപുഴ: കൊവിഡ് കാലത്ത് കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് തൃക്കളത്തൂർ മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. തൊഴിലുറപ്പിലെ തൊഴിൽ ദിനങ്ങൾ കാർഷിക മേഖലയിലേക്ക് വിനിയോഗിച്ചതോടെ കപ്പയും, വാഴയും, പച്ചക്കറിയും, കരനെൽ കൃഷിയുമെല്ലാം ഇവരുടെ കൃഷിയിടത്തിൽ വളരുകയാണ്.
പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ കാവുംപടിക്കു സമീപം പൊട്ടനാട്ട് ഗോപാലകൃഷ്ണന്റെ വർഷങ്ങളായി ആരും തിരിഞ്ഞുപോലും നോക്കാത്ത കല്ലും കുപ്പിച്ചിലും മാലിന്യങ്ങളും നിറഞ്ഞ രണ്ടേക്കർ സ്ഥലത്താണ് സുജാതരാജേന്ദ്രന്റേയും ജോളി ബാബുവിന്റേയും നേതൃത്വത്തിലുള്ള 9 വനിത തൊഴിലുറപ്പു തൊഴിലാളിൾ കൃഷി തുടങ്ങിയതത്. ഇവരെ സഹായിക്കുന്നതിനായി കൃഷി ഓഫീസറും , എൻജിനിയറും, ഓവർസീയറുമുണ്ട്. ജൂൺ അവസാനത്തോടെയാണ് ഇവർ കാർഷീക മേഖലയിൽ കൃഷിപണിയുമായി വരുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്ത് 3000 ചുവട് കപ്പയ്ക്കു പുറമെ 125 വാഴകൾ, കൂർക്ക, മഞ്ഞൾ, ഇഞ്ചി, മധുരക്കിഴങ്ങ്, ഔഷധ ചെടികൾ, കടല, മുതിര , ചെറുപയർ, ഉഴുന്ന്, കുറുമ്പുല്ല് എന്നിവകൃഷി ചെയ്തു.കുറെ സ്ഥലത്ത് കരനെൽ കൃഷിയും ബാക്കി സ്ഥലത്ത് പടവലം, വെണ്ട, മുളക്, പയറ്, തക്കാളി, വഴുതന, കാബേജ് തുടങ്ങിയ പച്ചക്കറികളും കൃഷിയും ചെയ്തു. രണ്ടേക്കർ സ്ഥലം മുഴുവൻ വിവിധ കൃഷികളാൽ സമ്പന്നമായി പച്ചവിരിപ്പണിഞ്ഞ് നിൽക്കുകയാണ്. കൃഷി പച്ചപിടുക്കുമെന്ന് കണ്ടതോടെ വീണ്ടും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വിപുലപ്പെടുത്തുവാനുള്ള തീരുമാനത്തിലാണ് 9 അംഗസംഘം. ഒരു വാർഡിലേക്ക് ആവശ്യമായ നെല്ല് , പച്ചക്കറി , കിഴങ്ങു വർഗ്ഗങ്ങൾ , പഴവർഗ്ഗങ്ങൾ മുതലായവ ഉല്പാദിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യവും ഇൗ വനിതസംഘത്തിനുണ്ട്. വിഷമയമില്ലാത്തതും ജൈവരീതിയിൽ ഉല്പാദിപ്പിക്കുന്നതുമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുകയും നാട്ടിൽ തന്നെ വിപണനം നടത്തുകയും ചെയ്യുമ്പോൾ തൊഴിൽ കിട്ടുക മാത്രമല്ല ഏത് പ്രതിസന്ധി വന്നാലും നാട്ടിൽ ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുകയില്ലെന്നതാണ് പ്രധാനം. കാർഷിക മേഖലയിലേക്ക് നാടിനെ തിരിച്ചെത്തിക്കുവാനുള്ള ദൗത്യവുമായി സുജാതയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മുന്നോട്ട് നീങ്ങുകയാണ്.