നെടുമ്പാശേരി: ഗുണനിലവാരം സംബന്ധിച്ച് എസ്.സി വിഭാഗം അംഗങ്ങൾ ആക്ഷേപമുയർത്തിയതിനെ തുടർന്ന് പാറക്കടവ് ഗ്രാമപഞ്ചായത്തിൽ എസ്.സി വിഭാഗം കുട്ടികൾക്കായി വാങ്ങിയ മേശയും കസേരകളും വിതരണം ചെയ്യാനായില്ല. കുറുമശേരി കമ്മ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുന്ന മേശയും കസേരയും കരാറുകാരനെ വിളിച്ചുവരുത്തി പരിശോധിച്ച ശേഷം വിതരണം ചെയ്യാനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്.
ഗുണനിലവാരമില്ലാത്തവ വിതരണം ചെയ്യരുതെന്ന് എസ്.സി വിഭാഗം അംഗം രാജമ്മ വാസുദേവൻ പറഞ്ഞു. ഇതോടെ കരാറുകാരനും ഉദ്യോഗസ്ഥരുമെല്ലാം മടങ്ങുകയായിരുന്നു. ചൊവ്വാഴ്ച്ച പരിശോധന നടത്തി ഇന്നലെ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണത്തോടൊപ്പം മേശയും കസേരയും വിതരണം ചെയ്യാനായിരുന്നു തീരുമാനം.
അതേസമയം, എസ്.സി വിഭാഗത്തിലെ വയോജനങ്ങൾക്കായി വാങ്ങിയ കട്ടിലുകളിൽ 23 എണ്ണം കൂടി ഇന്നലെ വിതരണം ചെയ്തു. വയോജനങ്ങൾക്കായി വാങ്ങിയ 74 കട്ടിലുകളിൽ 26 എണ്ണം ഒരു മാസം മുമ്പ് വിതരണം ചെയ്തിരുന്നു. ഇനിയും 25 എണ്ണം ബാക്കിയുണ്ട്. കുറുമശേരിയിലെ ചോർന്നൊലിക്കുന്ന കമ്മ്യൂണിറ്റി ഹാളിലാണ് മേശയും കസേരകളും കട്ടിലും സൂക്ഷിച്ചിട്ടുള്ളത്.
ഗുണനിലവാരം സംബന്ധിച്ച് വ്യക്തതയില്ല
ഇന്നലെ വൈസ് പ്രസിഡന്റ് ഇ.എസ്. നാരായണന്റെയും എസ്.സി വിഭാഗം മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ അസി. സെക്രട്ടറി പരിശോധന നടത്തിയെങ്കിലും വിതരണം ഗുണനിലവാരം സംബന്ധിച്ച് വ്യക്തത വരുത്തിയില്ല. ഗുണനിലവാരം നോക്കിയാൽ മേശയും കസേരകളും വിതരണ യോഗ്യമല്ലെന്നാണ് ബന്ധപ്പെട്ടവർ രഹസ്യമായി പറയുന്നത്.