suresh

അങ്കമാലി: കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കാനെത്തിയ മോഷണക്കേസിലെ പ്രതി വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി സുരേഷ് (38) രക്ഷപെട്ടു. പെരുമ്പാവൂർ തണ്ടേക്കാട് കടയിൽനിന്നു പണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ സുരേഷിനെ കൊവിഡ് കെയർ സെന്ററിലാക്കാനായി വാഹനത്തിൽ നിന്നിറക്കി നിർത്തിയപ്പോഴാണു രക്ഷപെട്ടത്. മറ്റൊരു കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേരെയാണ് കൊവിഡ് സെന്ററിലാക്കുന്നതിനായി എത്തിച്ചത്.

കൊവിഡ് പരിശോധന നടത്തിയശേഷം രാത്രി 11 മണിയോടെയാണു സുരേഷിനെ നിരീക്ഷണകേന്ദ്രത്തിലേക്കു കൊണ്ടുപോയത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

തുറന്നിരിക്കുന്ന കടകളിലെത്തി പണം സൂക്ഷിക്കുന്ന മേശയിൽനിന്നു ബലമായി പണം അപഹരിച്ചതിനും രാത്രികാലങ്ങളിൽ കടകൾ കുത്തിപ്പൊളിച്ചതിനും ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.