ഫോർട്ടുകൊച്ചി: കൊച്ചി ടി.ഡി ക്ഷേത്രം മേൽശാന്തി കൃഷ്ണഭട്ട് ഷഷ്ടിപൂർത്തി നിറവിൽ. സ്വന്തമായി രചിച്ച കീർത്തനം ക്ഷേത്രപ്രതിഷ്ഠാമൂർത്തിക്ക് മുന്നിൽ സമർപ്പിച്ചും കുടുംബത്തോടൊപ്പം അന്നദാനവും നടത്തിയും ആഘോഷം വളരെ ലളിതമാക്കി. കൊച്ചി ഗോശ്രീ പുരം തിരുമല ക്ഷേത്രത്തിൽ കുടുംബപാരമ്പര്യം പകർന്ന മേൽശാന്തി, പ്രഭാഷകൻ, നാടകാചാര്യനായ കലാകാരൻ, പെൻഡുലം ശാസ്ത്രവിദ്യയുള്ള ജ്യോതിഷി, രത്നശാസ്ത്രജ്ഞൻ എന്നീ നിലകളിൽ ശ്രേഷ്ഠനാണ്. 420 വർഷം പിന്നിട്ട കൊച്ചി തിരുമല ക്ഷേത്രത്തിലെ പൗരോഹിത്യ കുടുംബത്തിലെ ഒൻപതാം തലമുറക്കാരനാണ്.1972 ൽ സഹായിയായി എത്തിയതാണ്. 47വർഷത്തിനിടയിൽ 27വർഷം മേൽശാന്തിയായിരുന്നു. ക്ഷേത്രത്തിലെ നിരവധി പ്രമുഖ ചടങ്ങുകളിൽ സാക്ഷിയായി. നാടകരചന, സംവിധാനം, നടൻ, ഗാനരചന തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ചു.സംസ്കൃതം, കൊങ്കണി ഭാഷകളിലായി ഇരുനൂറോളം കീർത്തനങ്ങൾ രചിച്ചു. സുപ്രഭ ഭാര്യയും ജയദേവ്, ജയന്ത് എന്നിവർ മക്കളുമാണ്.