മിസ്ത്രിയുടെ ടാറ്റാ ഓഹരി പണയത്തിന് സ്റ്റേ
ന്യൂഡൽഹി:ടാറ്റാ സൺസിൽ ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പിനുള്ള ഓഹരി പങ്കാളിത്തം പണയം വയ്ക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒക്ടോബർ 28ന് ടാറ്റ, മിസ്ത്രി കേസുകൾ അന്തിമ വാദത്തിനായി സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. അതുവരെ ഓഹരികൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ പണയം വയ്ക്കുന്നതിനോ ആണ് സ്റ്റേ.
ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് (എസ്.പി.ഗ്രൂപ്പ്) ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരിയുണ്ട്. ഇതിൽ 9.2% വരുന്ന 37,122 ഓഹരികൾ ആക്സിസ് ബാങ്കിലും ഐ.ഡി.ബി.ഐ ബാങ്കിലും 5,074 കോടി രൂപയ്ക്ക് പണയം വച്ചിട്ടുണ്ട്. ബാക്കി 9.2% കൂടി പണയം വയ്ക്കാനുള്ള ഒരുക്കത്തിലുമാണ്.
2011ൽ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തെത്തിയ സൈറസ് മിസ്ത്രിയെ 2016 ഒക്ടോബറിൽ കമ്പനി ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. നാഷണൽ കമ്പനി അപ്പലേറ്റ് ട്രിബ്യൂണൽ മിസ്ത്രിയെ പുനർനിയമിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്റ്റേയും ചെയ്തു.
എസ്.പി. ഗ്രൂപ്പിന് ടാറ്റാ ഓഹരികൾ വിൽക്കണമെങ്കിൽ അത് ടാറ്റാ സൺസിന് വേണ്ടെങ്കിൽ മാത്രമേ കഴിയൂ എന്നാണ് വ്യവസ്ഥയെന്ന് അഭിഭാഷകൾ കോടതിയിൽ വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിന്റെ ഭൂരിഭാഗം ഓഹരികളും പൊതു ട്രസ്റ്റുകളുടെ പക്കലാണ്. എസ്.പി ഗ്രൂപ്പ് ഓഹരികൾ വിറ്റോ പണയം വെച്ചോ നഷ്ടപ്പെടുത്തിയാൽ ടാറ്റാ ഗ്രൂപ്പിന്റെ ഘടനയും സംസ്കാരവും മൂല്യവും നഷ്ടമാക്കുമെന്നും കോടതിയിൽ അഭിഭാഷകർ വ്യക്തമാക്കുന്നു.
വിവിധ ടാറ്റാ കമ്പനികളിലായി ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് 1.4 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഓഹരികളുണ്ട്.
ടാറ്റസൺസ് പറയുന്നു
1965ൽ 40 സാധാരണ ഓഹരികളും 48 പ്രിഫറൻഷ്യൽ ഓഹരികളും സ്വന്തമാക്കിയാണ് ഷപ്പൂർജി പല്ലോൻജി ഗ്രൂപ്പ് ടാറ്റ കമ്പനിയുടെ ഭാഗമായത്. ഇക്കാലം കൊണ്ട് ബോണസ് ഓഹരികളും അവകാശ ഓഹരികളും ലഭിച്ചത് വഴിയാണ് ഇവർ 18.4 ശതമാനം ഓഹരിയുടെ ഉടമകളായത്. 69 കോടി രൂപയാണ് എസ്.പി ഗ്രൂപ്പ് ടാറ്റാ സൺസിൽ നിക്ഷേപിച്ചത്. എന്നാൽ 1991 മുതൽ 2016 വരെ ഇവർക്ക് 872 കോടി രൂപ ലാഭവിഹിതം തന്നെ ലഭിച്ചിട്ടുണ്ട്.