ഫോർട്ടുകൊച്ചി: ഓഖി ദുരന്തം നടന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും വീടുകൾ നശിച്ച മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച സഹായം ഇനിയും അകലെ. ജില്ലയിൽ 13 കുടുംബങ്ങൾക്ക് ആറരലക്ഷം രൂപയാണ് അനുവദിച്ചത്. ഫിഷറീസ് വകുപ്പ് വഴി അനുവദിച്ച തുക റവന്യം വകുപ്പ് വഴി ലഭിക്കുമെന്നാണ് അധികാരികൾ അറിയിച്ചത്. ഇതു സംബന്ധിച്ച് കൊച്ചി സ്വദേശി കെ.വി.റൂബൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. 2018 ലാണ് സംബന്ധിച്ച് തുക അനുവദിച്ചത്. ഇത് ജില്ലയിലെ ഗുണഭോക്താക്കൾക്ക് ഇനിയും ലഭിക്കാത്തത് അധികാരികളുടെ അനാസ്ഥ മൂലമാണെന്നാണ് ആക്ഷേപം. വീടിന് കേടുപാടുകൾ സംഭവിച്ചവർക്ക് അമ്പതിനായിരം രൂപയും അല്ലാത്തവർക്ക് പതിനയ്യായിരം രൂപയുമാണ് അനുവദിച്ചത്. സംസ്ഥാനത്ത് 458 കുടുംബങ്ങൾക്കാണ് സർക്കാർ തുക അനുവദിച്ചത്. തീരദേശ പരിപാലന നിയമം അനുസരിച്ച് തീരദേശ മേഖലകളിൽ പല വീടുകളും പൊളിച്ച് പണിയാൻ കഴിയാത്ത സ്ഥിതിയാണ്.പല വീടുകളും നിലനിൽക്കുന്ന സ്ഥാനത്തു തന്നെ നിർത്തി പുതുക്കി പണിയാനാണ് അനുവാദം നൽകിയിരിക്കുന്നത്. ദുരന്തങ്ങൾ ഒന്നൊന്നായി തീരദേശ മേഖലയെ വേട്ടയാടിയിട്ടും അനുവദിച്ച തുക ലഭിക്കാതെ പരക്കം പായുകയാണ് വീട്ടുകാർ.വിഷയത്തിൽ സ്ഥലം എം.എൽ.എ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് വീട്ടുകാരുടെ ആവശ്യം.