കൂത്താട്ടുകുളം: നഗരസഭയിലെ ഭൂമിയും ഭവനവും ഇല്ലാത്തവർക്കായി ലൈഫ് ഭവനപദ്ധതി പ്രകാരം നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11.30 ന് വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ റോയി എബ്രാഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷനാകും. കൂത്താട്ടുകുളം
ടൗൺ ഹാളിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും. ശിലാഫലകം അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭ ചെയർമാൻ റോയി എബ്രാഹം, മുൻ എം.എൽ .എ എം.ജെ ജേക്കബ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്യും.
തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ വിജയ ശിവൻ തുടങ്ങിയവർ പങ്കെടുക്കും.നഗരസഭ 21 ഡിവിഷനിലെ ചമ്പമലയിലെ ഒരേക്കർ എട്ടു സെന്റ് സ്ഥലമാണ് പദ്ധതിക്കായി വിനിയോഗിക്കുക.നഗരസഭയിൽ ലൈഫ് പദ്ധതി മൂന്നാം ഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തിൽ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവരെയാണ് പരിഗണിക്കുന്നത്. 5.89 കോടിയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.4 നിലകളിൽ 22230 സ്ക്വയർ ഫീറ്റിലാണ് ഫ്ലാറ്റ് പൂർത്തിയാക്കുക.ഫില്ലറുകൾ നിർമ്മിച്ച ശേഷം, ഭിത്തികൾ റെഡിമെയ്ഡായി യോജിപ്പിക്കുന്ന എൽ.ജി എസ്.എഫ് ആൻഡ് പി.ഇ.ബി ടെക്നോളജിയിലാണ് നിർമ്മാണം. 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.വാർത്ത സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി.എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ് കൗൺസിലർ ലിനു മാത്യു എന്നിവർ പങ്കെടുത്തു.