canal-road
തകർന്ന കനാൽബണ്ട് റോഡ്

പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ പ്രളയക്കാട് ആനക്കുഴി ഷാപ്പിനു സമീപം കനാൽ ബണ്ട് ഇടിഞ്ഞ് റോഡ് തകർന്നു. കുറുപ്പംപടിപാണംകുഴി പ്രധാന റോഡിൽ നിന്നും ഐമുറി ഭാഗത്തേക്ക് പോകുന്ന കനാൽ ബണ്ട് റോഡാണ് പൂർണമായും തകർന്നത്. പെരിയാർ വാലി ജലസേചന പദ്ധതിയുടെ കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിന്റെ പ്രളയക്കാട് ഭാഗത്ത് ഇടതു ബണ്ടാണിത്. ചൊവ്വാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം. ലിങ്ക് റോഡായതിനാൽ യാത്രക്കാരുണ്ടായില്ല. റോഡിന് താഴെയുള്ള സ്ഥലങ്ങളിലെ കുറെ കൃഷികൾ നശിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ താഴ്ചയിൽ തകർന്നിട്ടുണ്ട്. കനാലിന്റെ വശങ്ങളിലെ പൊത്തുകളിൽ മഴവെള്ളമിറങ്ങി ഗർത്തം രൂപപ്പെട്ടതാണ് തകർച്ചക്ക് കാരണമെന്നാണ് നിഗമനം. 2018ൽ ഈ ഭാഗത്ത് കനാലിന്റെ മറുഭാഗം തകർന്നിരുന്നു. അത് നന്നാക്കാതെ മണൽ ചാക്ക് നിറച്ച് വക്കുകയായിരുന്നു. ഈ ഭാഗത്ത് സൈഡ് കെട്ടി സംരക്ഷിക്കുന്നതിന് ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നതായി സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നു. റോഡ് തകർന്ന ഭാഗത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ഏകദേശം 30 ലക്ഷം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. 10 മീറ്റർ നീളത്തിൽ കനാലിന്റെ ബണ്ട് ഇടിഞ്ഞിട്ടുണ്ട്. 25 മീറ്ററോളം പുതിയതായി കനാലിന്റെ സൈഡ് കെട്ടി സംരക്ഷിക്കേണ്ടി വരും. കൂടാതെ മണ്ണ് നിറച്ച് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും ഇതിനോടൊപ്പം തുക ഉൾക്കൊള്ളിക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞാൽ മാത്രമേ ആവശ്യമായ തുകയുടെ കണക്കെടുക്കാനാകു എന്ന് പെരിയാർ വാലി അധികൃതർ അറിയിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ, പെരിയാർവാലി സുപ്രണ്ടിങ് എഞ്ചിനീർ എൻ. സുപ്രഭ, എക്‌സിക്യൂട്ടിവ് എഞ്ചിനീർ സി.വി. ബൈജു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീർ എൻ.എ. ബിജി എന്നിവരും എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു.