ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സകിട്ടാതെ മരിച്ച കേസിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം നടത്തുന്ന മാതാവ് നന്ദിനി സമരകേന്ദ്രത്തിൽ കുഴഞ്ഞുവീണു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇതേത്തുടർന്ന് ഇവരെ അശോകപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തമാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
ഒപ്പം ഉണ്ടായിരുന്ന വനിതകളാണ് നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചത്. ആഗസ്റ്റ് ഒന്നിനാണ് നന്ദിനിയുടെ മകൻ പൃഥ്വിരാജ് മരിച്ചത്. നാണയം വിഴുങ്ങിയതിനെ തുടർന്ന് തലേന്ന് ആലുവ ജില്ലാശുപത്രി, എറണാകുളം ജനറൽ ജില്ലാശുപത്രി, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എത്തിച്ചിട്ടും ചികിത്സ നിഷേധിച്ചെന്നാണ് പരാതി. ആഗസ്റ്റ് 29 മുതലാണ് നന്ദിനിയും ബന്ധുക്കളും സമരമാരംഭിച്ചത്.