 കാമുകിയെന്ന വ്യാജേന ചാറ്റ് ചെയ്‌ത് യുവാവിനെ വീടിന് പുറത്തിറക്കി

പ്രണവിനെ കൊലപ്പെടുത്തിയത് ഒറ്റയടിക്ക്

കൊച്ചി: മനസിൽ ജ്വലിച്ച പ്രണയപ്പകയിൽ ശീമക്കൊന്നക്കമ്പിന് ഒറ്റയടിക്കാണ് പ്രണവിനെ കൊലപ്പെടുത്തിയത്. രാത്രിയിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിലുണ്ടായ കൊലപാതകത്തിന്റെ തിരക്കഥ സിനിമയെ വെല്ലുന്ന ക്രൈംത്രില്ലറാണ്.

പുലർച്ചെ ഫേസ്‌ബുക്കിൽ കാമുകിയുടെ സന്ദേശം കണ്ടാണ് പ്രണവ് തിടുക്കപ്പെട്ട് വീട്ടിൽനിന്ന് ബീച്ചിലേക്ക് ഇറങ്ങിയത്. ' താൻ ബീച്ചിലുണ്ട്, വേഗം എത്തണമെന്നായിരുന്നു കാമുകിയുടെ സന്ദേശം'. അവിടെയെത്തിയ പ്രണവിനെ പതുങ്ങിനിന്ന ക്രിമിനൽസംഘം ഒറ്റയ‌ടിക്ക് വീഴ്ത്തുകയായിരുന്നു. പ്രണവുമായി അടുപ്പത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത്തുമായി പ്രണയത്തിലായതാണ് സംഭവത്തിന്റെ ട്വിസ്റ്റ്. ഇതോട‌െ പരിചയക്കാരായ പ്രണവും ശരത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായി. പെൺകുട്ടി പ്രണവുമായി അടുപ്പം സൂക്ഷിക്കുന്നതായി ശരത്തിന് സംശയം തോന്നിയതോടെ കൊലപാതകം ആസൂത്രണംചെയ്തു. മറ്റ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തി. പെൺകുട്ടി എപ്പോൾ വിളിച്ചാലും പ്രണവ് ഓടിയെത്തുമെന്ന് ശരത്തിന് അറിയാമായിരുന്നു. അതിനായി പെൺകുട്ടിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തു. പെൺകുട്ടിയാണ് ചാറ്റ് ചെയ്യുന്നതെന്ന് വിശ്വസിച്ച് പ്രണവ് വീട്ട‌ിൽ നിന്നിറങ്ങുകയായിരുന്നു. മകൻ രാത്രിയിൽ പുറത്തുപോകുന്നത് കണ്ട് അമ്മ എവിടേയ്ക്കാണെന്ന് ചോദിച്ചിരുന്നു. ഒരാള് വന്നിട്ടുണ്ട് കാണാൻ പോകുന്നുവെന്നായിരുന്നു മറുപടി. ആദ്യം പെൺകുട്ടിയെക്കൊണ്ട് പ്രണവിനെ വിളിപ്പിക്കാനായിരുന്നു ശരത്തിന്റെ പദ്ധതി. എന്നാൽ കൊലപാതക കേസിൽ പെൺകുട്ടിയും പെട്ടുപോകുമോയെന്ന ആശങ്ക പുതിയ പദ്ധതിക്ക് വഴിമാറി.

കഴിഞ്ഞദിവസം പുലർച്ചെ നാലു മണിയോടെയാണ് ബീച്ചിലേക്ക് എത്തുന്ന ഇടറോഡിൽ മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികൾ മൂന്നുമണിക്ക് അതിലെ കടന്നുപോകുമ്പോൾ മൃതദേഹമില്ലായിരുന്നു. പ്രതികൾക്കെല്ലാം 20 വയസിൽ താഴെയാണ് പ്രായം.