photo

വൈപ്പിൻ: ചെറായി രാമവർമ്മ കിഴക്ക് പാഞ്ചാലത്തുരുത്ത് കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവിനെ (23) കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിനു സമീപം നടുറോഡിൽ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾകൂടി അറസ്റ്റിലായി. എടവനക്കാട് ഇല്ലത്തുപടി പാലക്കൽ ഗിരീഷിന്റെ മകൻ ജിത്തൂസ് (19), കുഴുപ്പിള്ളി തുണ്ടിപ്പുറം മുല്ലപറമ്പ് ഷിബുവിന്റെ മകൻ ശരത്ത് (19) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. അയ്യമ്പള്ളി കൈപ്പൻവീട്ടിൽ അമ്പാടിയെ (19) ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. സംഘത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ നാലരയോടെ ബീച്ച് റോഡിലൂടെ വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു.

പ്രതികളെ ആലുവ റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി.

ക്രൈം ത്രില്ലറെ വെല്ലുന്ന പ്രണയപ്പക

കൊച്ചി: ഉള്ളിൽ ജ്വലിച്ച പ്രണയപ്പകയിൽ ശീമക്കൊന്നക്കമ്പിന് ഒറ്റയടിക്കാണ് പ്രണവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ തിരക്കഥ സിനിമയെ വെല്ലുന്ന ക്രൈംത്രില്ലറാണ്.

രാത്രിയിൽ ഫേസ്‌ബുക്കിൽ കാമുകിയുടെ സന്ദേശം കണ്ടാണ് പ്രണവ് തിടുക്കപ്പെട്ട് വീട്ടിൽനിന്ന് ബീച്ചിലേക്ക് ഇറങ്ങിയത്. 'താൻ ബീച്ചിലുണ്ട്, വേഗം എത്തണമെന്നായിരുന്നു സന്ദേശം'. അവിടെയെത്തിയ പ്രണവിനെ പതുങ്ങിനിന്ന ക്രിമിനൽസംഘം ഒറ്റയ‌ടിക്ക് വീഴ്ത്തുകയായിരുന്നു. പ്രണവുമായി അടുപ്പത്തിലായിരുന്ന യുവതി ക്രിമിനൽസംഘത്തിലെ ശരത്തുമായി പ്രണയത്തിലായതാണ് സംഭവത്തിന്റെ ട്വിസ്റ്റ്. ഇതോട‌െ പരിചയക്കാരായ പ്രണവും ശരത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായി. പെൺകുട്ടി പ്രണവുമായി അടുപ്പം സൂക്ഷിക്കുന്നതായി ശരത്തിന് സംശയം തോന്നിയതോടെ കൊലപാതകം ആസൂത്രണംചെയ്തു. മറ്റ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തി. പെൺകുട്ടി എപ്പോൾ വിളിച്ചാലും പ്രണവ് ഓടിയെത്തുമെന്ന് ശരത്തിന് അറിയാമായിരുന്നു. അതിനായി പെൺകുട്ടിയുടെ പേരിൽ വ്യാജഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി. പെൺകുട്ടിയാണ് ചാറ്റ് ചെയ്യുന്നതെന്ന് വിശ്വസിച്ച് പ്രണവ് വീട്ട‌ിൽനിന്നിറങ്ങുകയായിരുന്നു. മകൻ രാത്രിയിൽ പുറത്തുപോകുന്നത് കണ്ട് അമ്മ എവിടേക്കാണെന്ന് ചോദിച്ചപ്പോൾ ഒരാള് വന്നിട്ടുണ്ടെന്നും കാണാൻ പോകുന്നുവെന്നുമായിരുന്നു മറുപടി. ആദ്യം പെൺകുട്ടിയെക്കൊണ്ട് പ്രണവിനെ വിളിപ്പിക്കാനായിരുന്നു ശരത്തിന്റെ പദ്ധതി. എന്നാൽ, കേസിൽ പെൺകുട്ടിയും പെട്ടുപോകുമെന്നതിനാൽ പദ്ധതി മാറ്റുകയായിരുന്നു.