പെരുമ്പാവൂർ: പഠിച്ചതൊന്നും മറക്കരുത്. നാട്ടിലെത്തിയാൽ പഠനം തുടരണം. വിദ്യാർത്ഥികളായ റുക്സാനയും ജാഫറും അദ്ധ്യാപകരുടെ വാക്കുകേട്ട് നിറകണ്ണുകൾ തുടച്ച് തലയാട്ടി. ഒരുവർഷത്തെ മുൻകൂർ ഫീസ് തിരിച്ചേൽപ്പിച്ചപ്പോൾ അദ്ധ്യാപകരുടേയും നെഞ്ച് വിങ്ങി. ദേശീയ അന്വേഷണ ഏജൻസി പെരുമ്പാവൂരിൽ നിന്ന് അറസ്റ്റുചെയ്ത മുഷ്റഫിന്റെ മക്കളും ഭാര്യ സോമിയയും സ്വന്തംനാടായ മുർഷിദാബാദിലേക്ക് മടങ്ങുന്നതറിഞ്ഞ് ഷറഫിയ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകർ മുടിക്കലിലെ വാടകവീട്ടിൽ എത്തിയപ്പോഴാണ് അയൽവാസികളുടെയടക്കം കണ്ണുനിറയുന്ന നാടകീയരംഗങ്ങൾ അരങ്ങേറിയത്.
കേരളത്തിൽ തുടരണമെന്നും പഠനച്ചെലവ് വഹിക്കാമെന്നും അയൽവാസികൾ ഉൾപ്പെടെയുളളവർ പറഞ്ഞെങ്കിലും ഭർത്താവിന്റെ വാക്കുകൾ അനുസരിക്കുകയാണെന്നും തനിക്ക് തൊഴിലെടുക്കാൻ അറിയില്ലെന്നും സോമിയ പറഞ്ഞു. റുക്‌സാനയ്ക്ക് ക്ലാസിലെ സഹപാഠികളെയെല്ലാം ഒരിക്കൽകൂടി കാണണമെന്നുണ്ടായിരുന്നു. അത് നടന്നില്ല. കുടുംബാംഗങ്ങൾക്ക് തിരികെപ്പോകുന്നതിന് തടസമില്ലെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ടെന്ന് മുഷ്റഫ് ജോലിചെയ്തിരുന്ന സ്ഥാപനഉടമയും പറഞ്ഞു.
തന്റെ ഭർത്താവ് അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പാണ്. ഭർത്താവ് ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങൾ മടങ്ങുന്നത്. ഇനി ഇവിടെ തങ്ങൾക്ക് ആരുമില്ല. അതിനാൽ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങുന്നു. തങ്ങൾക്ക് അന്നവും അതിലുപരി സ്‌നേഹവുംതന്ന കേരളത്തിലേക്ക് ഇനിയൊരു മടക്കമുണ്ടെങ്കിൽ ഭർത്താവിന്റെ നിരപരാധിത്വം തെളിയിച്ചിട്ടാകും. ഉദ്യോഗസ്ഥർക്ക് എല്ലാം ബോദ്ധ്യപ്പെടുമെന്നുറപ്പാണ്... വിങ്ങിപ്പൊട്ടി സോമിയ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് അമ്മയും മക്കളും അയൽവാസികളോട് യാത്രപറഞ്ഞിറങ്ങിയത്. മുടിക്കല്ലിലെ വീട്ടിൽനിന്നറങ്ങുമ്പോൾ ജാഫർ മാതാവിന്റെ തോളത്ത് ഉറങ്ങുകയായിരുന്നു. രാത്രി 10ന് കൊച്ചി എയർപോർട്ടിൽനിന്ന് അവർ നാട്ടിലേക്ക് മടങ്ങി.