maryseba
മേരി സെബാസ്റ്റ്യൻ

കൊച്ചി: കഷ്ടതയനുഭവിക്കുന്നവർക്ക് നൽകിയ പൊതിച്ചോറിൽ നൂറു രൂപയും കൈമാറിയ കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന് വീണ്ടും ആദരവ്. ഐ.ടി കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്‌വെയർ പ്രതിനിധികൾ മേരിയുടെ വീട്ടിലെത്തി പ്രശംസാഫലകവും ഒരുലക്ഷം രൂപയുടെ ചെക്കും കൈമാറി.

കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായായിരുന്നു ആദരം. പ്രശസ്തിയോ സമ്മാനമോ ആഗ്രഹിക്കാതെ നിസ്വാർത്ഥമായ സേവനമാണ് മേരി സെബാസ്റ്റ്യൻ നൽകുന്നതെന്ന് ഐ.ബി.എസ് എക്‌സിക്യുട്ടീവ് ചെയർമാൻ വി.കെ മാത്യൂസ് പറഞ്ഞു. പ്രതിസന്ധികളുടെ കാലത്ത് മേരിയുടെ ജീവിതം ആശ്വാസവും മാനവികതയിൽ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

കുമ്പളങ്ങിയിൽ കാറ്ററിംഗ് ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു മേരി സെബാസ്റ്റ്യൻ. ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായപ്പോൾ പൊതിച്ചോറു നൽകുന്ന പ്രവർത്തനത്തിൽ മേരിയും പങ്കാളിയായി.

ചോറിനൊപ്പം പ്ളാസ്റ്റിക് കവറിൽ നൂറുരൂപയും വച്ച് പൊതിഞ്ഞാണ് മേരി നൽകിയത്. ഇതാരോടും പറഞ്ഞിരുന്നില്ല. വിതരണം ചെയ്യാത്ത പൊതിച്ചോറിൽ രൂപ കണ്ടെത്തിയ പൊലീസുകാരാണ് മേരിയുടെ സദ്കർമ്മം പുറത്തറിയിച്ചത്. മഴയത്ത് ആർക്കെങ്കിലും കട്ടൻ ചായയിട്ടു കുടിക്കാനെങ്കിലും ഉപകരിക്കുമല്ലോ എന്നു കരുതിയാണ് ചോറ് പൊതിയിൽ രൂപകൂടി വച്ചതെന്നായിരുന്നു മേരിയുടെ പ്രതികരണം.