കൊച്ചി: പാണാവള്ളിക്കാർക്ക് നാട്ടിൽ പെയ്ത മഴയെത്രയെന്ന് അറിയാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ ആശ്രയിക്കേണ്ടതില്ല. ദിനവും രാവിലെ ഒരു ദിവസം നാട്ടിൽ ലഭിച്ച മഴയെത്രയെന്ന് കൃത്യമായി അളന്ന് പറയും പാണാവള്ളി പഞ്ചായത്ത് നാലാംവാർഡ് പുലവേലി ആർ. വിനോദ്. സ്വന്തം വീടിന് മുകളിൽ മഴമാപിനി സ്ഥാപിച്ചാണ് വിനോദ് മഴ അളക്കുന്നത്. മഴയുടെ അളവ് കൂട്ടുകാർക്കും പരിചയമുള്ള വിദ്യാർത്ഥികൾക്കും ഓരോ ദിവസവും രാവിലെ വാട്സ് ആപ്പ് സന്ദേശമായി അയക്കുകയും ചെയ്യും.
മൂലമറ്റം കെ.എസ്.ഇ.ബി. ജനറേഷൻ ചീഫ് എൻജിനിയറുടെ ഓഫീസിലെ ഡ്രൈവറായി ജോലിചെയ്യുകയാണ് വിനോദ്. ഇടുക്കി കെ.എസ്.ഇ.ബി. റിസർച്ച് ആൻഡ് ഡാം സേഫ്റ്റിയിൽ ജോലി ചെയ്യുന്ന സമയത്ത് ഇടുക്കി ഡാമിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മഴമാപിനിയിൽ അണക്കെട്ട് ജീവനക്കാർക്കൊപ്പം മഴയുടെ അളവ് നോക്കാൻ പോകുമായിരുന്നു. ഇതിൽ നിന്ന് ലഭിച്ച അറിവാണ് വീട്ടിൽ മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് നോക്കാൻ വിനോദിനെ പ്രേരിപ്പിച്ചത്. ഒരു വർഷമായി വിനോദ് മഴയുടെ അളവ് നോക്കുന്നുണ്ട്. ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് ഏഴായിരം രൂപയോളം വരുമെന്ന് വിനോദ് പറയുന്നു.
തലേന്ന് പെയ്ത മഴയുടെ അളവ്, കഴിഞ്ഞ ആഴ്ച പെയ്ത മഴയുടെ അളവ് തുടങ്ങി സംശയങ്ങൾ ചോദിച്ച് നിരവധി പേർ ഇപ്പോൾ വിനോദിനെ വിളിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ മഴയുടെ അളവ് എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് വിനോദ്. രാവിലെ ഏഴുമുതൽ പിറ്റേദിവസം രാവിലെ ഏഴുവരെയുള്ള സമയം പെയ്യുന്ന മഴ കണക്കാക്കിയാണ് മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. വിനോദ് വീട്ടിൽ ഉള്ളപ്പോൾ സ്വയവും അല്ലാത്ത സമയത്ത് ഭാര്യ സീന, മക്കളായ മേഘന, അനഘ എന്നിവരും മഴ അളക്കും.