കോതമംഗലം: നേര്യമംഗലത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഒക്ടോബർ 6ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.1968ൽ റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച പ്രസ്തുത ഹെൽത്ത് സെന്റർ 1987 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രമായും 2008ൽ 24x7 പിഎച്ച്സി ആയും 2009ൽ സാമൂഹ്യ ആരോഗ്യ കേന്ദ്രമായും ഉയർത്തിയിരുന്നെങ്കിലും പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമമായ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത ആരോഗ്യ കേന്ദ്രം കോതമംഗലത്തിനും അടിമാലി ദേവിയാർ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ ആരോഗ്യ കേന്ദ്രം കൂടിയാണ്. മാമലക്കണ്ടം, തട്ടേക്കണ്ണി, കാഞ്ഞരവേലി, ഇഞ്ചത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആദിവാസികൾ ഉൾപ്പടെ നൂറുകണക്കിന് സാധാരണക്കാരായ ആളുകൾക്ക് ആശ്രയ കേന്ദ്രം കൂടിയാണിത്.നിത്യേന 200ൽ അധികം ആളുകൾ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്.കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിനാൽ കടുതൽ ഡോക്ടർമാരുടെ സേവനവും മറ്റ് സൗകര്യങ്ങളും വർദ്ധിക്കും. ഒ പി സമയം വൈകിട്ട് 6 മണി വരെ ആകും പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഒക്ടോബർ 6ന് നടക്കുന്നതെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.