തൃപ്പൂണിത്തുറ: കൊവിഡിനും കനത്ത മഴയ്ക്കും പിന്നാലെ കായലിൽ നിറയുന്ന പോളപ്പായൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു. വേമ്പനാട്ടു കായലിൽ ഉദയംപേരൂർ, തെക്കൻ പറവുർ, പൂത്തോട്ട, പെരുമ്പളം, പനങ്ങാട്, മരട്, നെട്ടൂർ, തേവര, കുമ്പളങ്ങി പ്രദേശങ്ങളിലെ കായലുകളിലും, നെട്ടൂർ തോട്, ചമ്പക്കര കനാൽ എന്നിവിടങ്ങളിലെ കൈവഴികളിലുമാണ് പോളപ്പായൽ നിറഞ്ഞിരിക്കുന്നത്. മത്സ്യബന്ധനം നടത്തുവാൻ കഴിയാത്ത സാഹചര്യമായതിനാൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കായലിൽ മത്സ്യസമ്പത്തും കുറയുന്നതിനിടയിലാണ് ഈ പ്രതിസന്ധിയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മത്സ്യബന്ധനവലകൾ പായൽകയറി നശിക്കുകയാണ്. മത്സ്യബന്ധന വള്ളങ്ങളിലെ യമഹ എഞ്ചിനുകളും പായൽ കുരുങ്ങി കേടാവുകയാണ്. പെരുമ്പളം, പാണാവള്ളി, തെക്കൻ പറവൂർ എന്നിവിടങ്ങളിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിനും പായൽ ഭീഷണി ഉയർത്തുന്നു.
# പ്രശ്നം പരിഹരിക്കണം
കുട്ടനാടൻ മേഖലയിൽനിന്നാണ് പായൽ എത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ഈ പായൽ കായലിലെത്തുന്നത് തടയുവാൻ നടപടി വേണമെന്നാണ് ആവശ്യം. പോളപ്പായൽ വളർന്നു തുടങ്ങുന്ന പാടശേഖരങ്ങളിൽ വച്ചുതന്നെ ഇവയെ നശിപ്പിക്കുവാനുള്ള പദ്ധതിയാണ് വേണ്ടത്. പോളപ്പായൽ ഉപയോഗിച്ച് വളം നിർമ്മിക്കുവാൻ ഇടക്കാലത്ത് നിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കുവാൻ കഴിഞ്ഞില്ല. ഇനി വേനൽക്കാലമെത്തി കായലിൽ ഉപ്പുവെള്ളം കയറുമ്പോൾ മാത്രമാണ് ഇവ നശിക്കുന്നത്. ഇതോടെ പായൽ അഴുകി കായലിന്റെ അടിത്തട്ടിൽ അടിയും. ഇത് വീണ്ടും മത്സ്യബന്ധനത്തിന് ഭീഷണിയാകുന്നതിനൊപ്പം കായൽ മലിനീകരണത്തിനും ഇടയാക്കും. പോളപ്പായൽമൂലമുണ്ടാകുന്ന ദുരിതം പരിഹരിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.