തോപ്പുംപടി: അനർഹർ ഇനി മുതൽ റേഷൻ കാർഡിൽ നിന്ന് പുറത്താകും. ഈ മാസം 30നുള്ളിൽ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. അല്ലാത്ത സാഹചര്യത്തിൽ ഇനി റേഷൻ ലഭിക്കാതാകും. റേഷൻ വിതരണത്തിൽ ഇരട്ട റേഷൻ വാങ്ങുന്നവരും (ഒരാളുടെ പേര് ഒന്നിലധികം റേഷൻ കാർഡിലുള്ളവർ), മരിച്ചവരുടെ പേരിൽ റേഷൻ വാങ്ങുന്നവരും വിദേശത്ത് ജോലി ചെയ്യുന്നവരുടെ പേരിൽ റേഷൻ വാങ്ങുന്നവരും ഇനി മുതൽ ഒഴിവാകും. പുതിയ നീക്കത്തിലൂടെ ഒരാൾക്ക് ഒരു റേഷൻ കാർഡിൽ മാത്രമേ ഉൾപ്പെടാൻ കഴിയുകയുള്ളൂ. ഇതോടെ അധിക റേഷൻ വിഹിതം ഒഴിവാക്കാനാകും. ഒപ്പം ആധാറും റേഷൻകാർഡും ഒരേപോലെ പ്രധാന രേഖയായി മാറും.
സംസ്ഥാനത്ത് സൗജന്യവും സബ്സിഡിയുമായി വൻ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിലൂടെ സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാരടക്കമുള്ളവരുടെ റേഷൻ കാർഡ് നിലവാരമറിയാനാകും. രാജ്യത്ത് സബ്സിഡി സൗജന്യ റേഷൻ വിതരണത്തിലൂടെ കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. കാർഡുകളെ എ.പി.എൽ, ബി.പി.എൽ തരം തിരിക്കുന്നതിലൂടെ അർഹതപ്പെട്ടവർക്ക് സൗജന്യനിരക്കിൽ റേഷൻ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാൻ ഇതിന് മുൻപ് പലതവണ സമയം അനുവദിച്ചിരുന്നു.എന്നാൽ ഈ മാസം 30 എന്നത് അവസാന തീയതിയാണെന്നും അധികാരികൾ അറിയിച്ചു.