ഉദയംപേരൂർ: ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളുമായി ഉദയംപേരൂർ വേമ്പനാട്ടു കായലിലെ ലാൻഡിംഗ് സെന്ററുകൾ കാത്തിരിക്കുന്നു. മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കന്നതിനായി നിർമ്മിച്ച പന്ത്രണ്ടിലധികം ലാൻഡിംഗ് സെന്ററുകളാണ് ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ കിടക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ലാൻഡിംഗ് സെന്ററുകൾ ഉണ്ട്. നിലവിൽ പല സെന്ററുകളും മാലിന്യങ്ങൾ നിറഞ്ഞുകിടക്കുകയാണ്.
# അസ്തമയക്കാഴ്ചകൾ കാണാം
വിശാലമായ ഫ്ളാറ്റ് ഫോമുകളോടുകൂടിയ ലാൻഡിംഗ് സെന്ററുകളിൽ നിന്നാൽ കൊച്ചി വരെയുള്ള കാഴ്ചകൾ കാണാം. അസ്തമയവും കാണാം. ഇവിടെ ബെഞ്ചുകൾ നിർമ്മിച്ചാൽ കായൽ കാറ്റേറ്റ് ഇവിടെ വിശ്രമിക്കുകയും ചെയ്യാം. ആവശ്യക്കാർക്ക് കായലിലൂടെ വിനോദയാത്രയുമാകാം. ഇതിനായി വലിയ വഞ്ചികൾ ഉപയോഗിക്കാം. മത്സ്യത്തൊഴിലാളികൾ പരമ്പരാഗത രീതിയിൽ മത്സ്യം പിടിക്കുന്നതും കാണാം. പിടയ്ക്കുന്ന മീനുകൾ കാണാനും വാങ്ങുവാനും കഴിയും. കൂടുതൽ ആളുകൾ ഇവിടങ്ങളിൽ കുടുംബത്തോടെ എത്തിയാൽ ചെറിയ കടകൾക്കും സാദ്ധ്യതയുണ്ടാകും.
# വേണ്ടത് സമഗ്രപദ്ധതി
ലാൻഡിംഗ് സെന്ററുകൾ വൃത്തിയാക്കുകയാണ് ആദ്യമായി വേണ്ടത്. ആവശ്യമായ ലൈറ്റുകളും സ്ഥാപിക്കണം. ഇപ്പോഴുള്ള ലൈറ്റുകൾ പലയിടത്തും കണ്ണടച്ച നിലയിലാണ്. കായൽകാഴ്ചക്കാർക്കായി ആദ്യഘട്ടമെന്ന നിലയിൽ സ്പോൺസർമാരുടെ സഹായത്തോടെ ബഞ്ചുകളും ഊഞ്ഞാലുകളും സ്ഥാപിക്കണം. വൃത്തിയുള്ള ശൗചാലയങ്ങളും വേണം. എല്ലാ ലാൻഡിംഗ് സെന്ററുകളിലേക്കും വാഹനങ്ങൾ എത്തുമെന്നതിനാൽ കുടുംബത്തോടെ എത്തിച്ചേരുവാനും കഴിയും. നല്ല കാറ്റുള്ളപ്പോൾ കുട്ടികൾക്ക് ഇവിടെ പട്ടം പറത്തുന്നതിനും കഴിയും. യാട്ടിംഗ് ക്ലബുകൾക്കും കായൽതീരം ഉപയോഗിക്കാം.
കായൽ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ കായൽക്കരയിൽ സ്ഥാപിക്കുന്നതും നല്ലതാണ്.ഇത്തരത്തിൽ ലാന്റിംഗ് സെന്ററുകൾ ഉപയോഗിക്കുവാൻ തീരുമാനിച്ചാൽ എപ്പോഴും തീരങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനും കഴിയും. ഇക്കാര്യത്തിൽ ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ ഒരു പദ്ധതി തയ്യാറാക്കുവാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.