tv
അങ്കണവാടികൾക്ക് ടിവി നൽകുന്നതിന്റെ വിതരണോദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: കുന്നത്തുനാട്ടിലെ അങ്കണവാടികൾ സ്മാർട്ടാകുന്നു. 165 അങ്കണവാടികളിലാണ് ഓൺലൈൻ പഠന സൗകര്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ എം.എൽ.എ വി.പി സജീന്ദ്രന്റെ നേതൃത്വത്തിൽ സ്മാർട് ടിവി സ്ഥാപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ടിവി സജ്ജീരിക്കുന്നതുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. 8 പഞ്ചായത്തുകളിലെയും അങ്കണവാടികളിൽ ടിവി നൽകുന്നതോടെ ഓൺലൈൻ പഠനം സ്മാർട്ടാകും.കെ.എസ്.എഫ്.ഇയുടെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ സഹായ പദ്ധതിയോടൊപ്പം എം.എൽ.എയുടെ വികസന ഫണ്ടും കൂട്ടി ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്.ഓൺലൈൻ പഠനത്തിന് മതിയായ സൗകര്യം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ടിവി, ടാബ് തുടങ്ങിയവ നൽകുന്നതിനായി എം.എൽ.എ ആവിഷ്‌കരിച്ച വിദ്യാ ദീപ്തി പദ്ധതി പ്രകാരം നൂറോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കിയിരുന്നു. ബി.പി.സി.എലിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി വായനശാലകൾ, പട്ടികജാതി വിജ്ഞാനവാടികൾ, കമ്മ്യൂണി​റ്റി ഹാൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, അങ്കണവാടികൾ തുടങ്ങിയ ഇടങ്ങളിൽ 65 ഓൺലൈൻ പഠന കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. കെ.എസ്.എഫ്.ഇ പദ്ധതിയിൽ നിന്നും 16.5 ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്നും 5.76 ലക്ഷവും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വി.പി സജീന്ദ്രൻ എം. എൽ.എ അറിയിച്ചു.