മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ ആശ്രമം ബസ് സ്റ്റാൻഡ് കുണ്ടും കുഴിയും ചെളിവെള്ളവും നിറഞ്ഞ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിരവധി ബസുകൾ എത്തുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡ് മൂവാറ്റുപുഴ - തൊടുപുഴ റോഡ് സൈഡിലാണ് സ്ഥിതിചെയ്യുന്നത്.
സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നത് പതിവായി കഴിഞ്ഞു.നഗരസഭയുടെ കീഴിൽ ആ ശ്രമം, മാർക്കറ്റ് എന്നീ രണ്ട്ബസ് സ്റ്റാൻഡുകളാണുള്ളത്. എറണാകുളം, ആലുവ, പെരുമ്പാവൂർ , കാക്കനാട് ,കോതമംഗലം, കാളിയാർ, അടിവാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസുകകൾ ഇവിടെ നിന്നാണ് പുറപ്പെടുന്നത്. ഇതിനു പുറമെ തൊടുപുഴ ഭാഗത്തേക്കുള്ള ബസുകളും സ്റ്റാൻഡിൽ കയറിയശേഷമെ പോകുകയൊള്ളൂ.
അറ്റകുറ്റപണികൾ നടത്തുന്നില്ല
ഇൗ ബസ് സ്റ്റാൻഡ് കുണ്ടും കുഴിയുമായി കിടക്കുവാൻ തുടങ്ങിയിട്ട് ആഴ്ചകളായി . അഞ്ചു വർഷം മുമ്പ് കോടികൾ മുടക്കി നവീകരിച്ച സ്റ്റാൻഡിലെ ടാറും , മെറ്റിലും ഇളകി കുണ്ടും കുഴിയുമായി യാത്രക്കാർക്ക് ദുരിതം വിതച്ചിട്ടും അറ്റകുറ്റപണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.
സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു
നിരവധി ബസുകൾ വന്നു പോകുന്നുമുണ്ട്. എന്നാൽ സന്ധ്യയാകുന്നതോടെ സ്റ്റാൻഡ് സാമൂഹ്യവിരുദ്ധർ കൈടക്കുകയായി. കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ യാത്രക്കാർ സ്റ്റാൻഡിലേക്ക് എത്താതായത് സാമൂഹ്യവിരുദ്ധന്മാർക്ക് യഥേഷ്ടം വിഹരിക്കുവാൻ സൗകര്യവുമായി. മദ്യപാനികലുടേയും മയക്കുമരുന്ന് ഉപഭോക്താക്കളുടേയും കേന്ദ്രമായി ഇവിടെ മാറിയിരിക്കുന്നു. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധർ ഇത് തകർത്തിരുന്നു.