veedu

കോലഞ്ചേരി: കൊവിഡ് കാലത്തും അമ്പലമേട് അമൃത കൂടീരം കോളനി നിവാസികൾ സന്തോഷത്തിലാണ്. ചോർന്നൊലിക്കുന്ന വീടുകൾക്ക് പകരം പുതിയ വീടുകളെന്ന ചിരകാലസ്വപ്നം പൂവണിയുകയെന്നതാണ് കാരണം. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 117 കുടുംബങ്ങൾക്കാണ് പുതിയ വീട് നിർമ്മിച്ച് നൽകുന്നത്. നിർമ്മാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.പുത്തൻകുരിശ് പഞ്ചായത്തിലാണ് അമൃത കുടീരം കോളനി. കൊച്ചി നഗരത്തിലെ വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട 124 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 2003 മുതൽ ഇവിടുത്തെ ജി.സി.ഡി.എ വക സ്ഥലത്ത് അമൃതാനന്ദമയി ട്രസ്​റ്റാണ് താൽക്കാലികമായി വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ കക്കൂസുകളോ മ​റ്റ് അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. 200 ചതുരശ്ര അടി മാത്രം വിസ്തീർണ്ണമുള്ള കോൺക്രീ​റ്റ് വീടുകൾ പിന്നീട് ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് ഇവിടുത്തുകാരുടെ ദുരിതം ആരംഭിച്ചത്.

പദ്ധതിക്കായി 5.96 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതിൽ 2.48 കോടി രൂപ സർക്കാരും 3.48 കോടി രൂപ പഞ്ചായത്തും വഹിക്കും. ഒരു കോടി രൂപ ഭൂമിയൊരുക്കാനാണ് ചിലവിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു വർഷം മുമ്പാണ് സർക്കാർ ലൈഫ് പദ്ധതിയിൽ പെടുത്തി ഇവിടുത്തുകാർക്ക് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്.പഞ്ചായത്ത് മുൻകൈ എടുത്ത് വീടുകൾക്ക് മുകളിൽ ടാർപോളിൻ ഷീ​റ്റ് വലിച്ചു കെട്ടിയാണ് ഇവരെ നാളിതുവരെ കഴിഞ്ഞിരുന്നത്. 124 കുടുംബങ്ങൾക്കായി 40 പൊതു കക്കൂസുകളാണ് ഉണ്ടായിരുന്നത്. നിലവിൽ ആറ് എണ്ണം മാത്രമാണ് ഉപയോഗപ്രദമായത്. 1.85 സെന്റ് സ്ഥലത്തിന് 2005ലാണ് പട്ടയം ലഭിച്ചത്. ദുരിതാവസ്ഥക്ക് പരിഹാരം തേടി പഞ്ചായത്ത് 2019 മെയ് 30ന് മുഖ്യമന്ത്റിയെ സമീപിച്ചിരുന്നു. തുടർന്നാണ് ലൈഫ് മിഷനിൽ പെടുത്തി ഇവർക്ക് വീട് നിർമ്മിക്കാൻ വഴി തെളിഞ്ഞത്.

3.14 ഏക്കർ സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്.400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്ടിൽ രണ്ട് ബെഡ് റൂം , ഹാൾ, അടുക്കള, ബാത് റൂം അടക്കമുള്ള സൗകര്യങ്ങളൊരുക്കും.പണികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

പി.കെ വേലായുധൻ

പഞ്ചായത്ത് പ്രസിഡന്റ്